
കായംകുളം: ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കൃഷ്ണപുരം കാപ്പിൽ മേക്ക് തറയിൽ തെക്കതിൽ മൈലോയെയാണ് (അഖിൽ അസ്കർ -30) അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, ആയുധം കൈവശം വെക്കൽ, മയക്കുമരുന്ന് വിൽപന, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
2021ൽ ഇയാളെ ജില്ലയിൽനിന്ന് കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. ഇതിനിടെ കാപ്പിൽമേക്ക് ഭാഗത്തു വീടുകയറി യുവാവിനെ ദേഹോപദ്രവം ഏൽപിച്ചതോടെയാണ് നടപടി. ജില്ല പൊലീസ് മേധാവി നൽകിയ ശിപാർശ അംഗീകരിച്ച കലക്ടർ വി. ആർ. കൃഷ്ണതേജയാണ് ആറു മാസത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
ഡിവൈ എസ് പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി ഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ ശ്രീകുമാർ, ഉദയകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, രാജേന്ദ്രൻ, ഷാജഹാൻ, അനീഷ് എന്നിവരാണ് അഖിൽ അസ്കറിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, ആലപ്പുഴ ചാരുമ്മൂടില്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മരുമകളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മരുമകൾ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി കുന്ന് മുറിയിൽ പാറപ്പുറത്ത് വടക്കതിൽ ബിപിൻ (29) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയെ നോക്കാത്തിന് വഴക്ക് പറഞ്ഞതിലുള്ള ദേഷ്യത്തിലാണ് ഭര്‍തൃപിതാവിനെ സുഹൃത്തിന്‍റെ സഹായത്തോടെ മരുമകള്‍ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
നവംബർ 29 ന് രാത്രി 11.30ന് ആണ് രാജുവിന് നേരെ ആക്രമണം നടന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന രാജുവിനെ ഒരാള്‍ കമ്പി വടികൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ് : ബൈക്കിൽ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു രാജു. വീടിന് അടുത്തെത്താറായപ്പോഴാണ് വഴിയരികിൽ കാത്തുനിന്ന ഹെൽമറ്റ് ധരിച്ച ഒരാള്‍ കമ്പിവടി കൊണ്ട് അടിച്ചു വീഴ്ത്തുകയും കൊലപ്പെടുത്താൻ ശ്രമിക്കുകും ചെയ്തത്. അടിയേറ്റ് രാജു വീണതോടെ അക്രമി ഓടി രക്ഷപ്പെട്ടു,