
കായംകുളം: കേരളത്തിലെ ഏറ്റവും വലിയ മത്സ്യകന്യക കായംകുളത്ത് തയ്യാറായി. 34 അടി നീളവും 26 അടി പൊക്കവുമുള്ള ബൃഹത്തായ ഈ ശില്പം പൂര്‍ണമായും കോണ്‍ക്രീറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ ശില്പി ജോണ്‍സ് കൊല്ലകടവാണ് മത്സ്യകനയെ സൃഷ്ടിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ മത്സ്യകന്യകാശില്പം, ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ പൊതു ശില്പം എന്നീ പ്രത്യേകതയുള്ള ഈ ശില്പം കായംകുളത്തിന് ടൂറിസം ഭൂപടത്തില്‍ വ്യക്തമായ സ്ഥാനമുണ്ടാക്കും. സംസ്ഥാന ടൂറിസം വകുപ്പ് 6,40,000 രൂപയാണ് അനുവദിച്ചത്. പക്ഷെ 14 ലക്ഷം രൂപയ്ക്കു മുകളില്‍ നിര്‍മ്മാണത്തിനായി ശില്പിക്കു ചെലവായിട്ടുണ്ട്.
പല സമയങ്ങളിലായി 8 തൊഴിലാളികളും ശില്പിയോടൊപ്പം നിര്‍മ്മാണത്തില്‍ പങ്കെടുത്തു. നിര്‍മ്മാണത്തിനായി ഡ്രോയിംഗ് തയ്യാറാകുമ്പോള്‍, മറ്റൊരു ശില്പിയുടെയും വര്‍ക്ക് കോപ്പി ചെയ്യരുതെന്ന് ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശമുള്ളതുകൊണ്ടാണ്, ആരും ദര്‍ശിച്ചിട്ടില്ലാത്ത ഒരു മോഡല്‍ തയ്യാറാക്കി ശില്പി കായംകുളം മത്സ്യകന്യകയെ സൃഷ്ടിച്ചത്.
മൂന്നര വര്‍ഷത്തെ ശ്രമം വേണ്ടി വന്നു നിര്‍മ്മാണം പൂര്‍ത്തിയാവാന്‍. സര്‍ക്കാര്‍ കൊടുത്ത പണം തികയാതെ വന്നപ്പോള്‍ ശില്പി സ്വന്തം വീടും വസ്തുവും ബാങ്കിനു പണയം വെച്ച് തുക കണ്ടെത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി. അവസാന മിനുക്കു പണി ചടങ്ങില്‍ കായംകുളം എം.എല്‍.എ യു. പ്രതിഭ സര്‍ക്കാരിനുവേണ്ടി ശില്പം ഏറ്റുവാങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam