പെൺകുട്ടിയെ ഉപദ്രവിക്കണമെന്ന് കരുതിക്കൂട്ടി തന്നെയാണ് കൊണ്ടുപോയത്. കഞ്ഞാങ്ങാട്ടെ ഹോട്ടലിൽ ഫിലിപ്പ് റൂം എടുത്തത് സര്‍വീസിലുള്ളപ്പോൾ ഉപയോഗിച്ചിരുന്നു പൊലീസ് ഐഡി കാണിച്ചാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

മലപ്പുറം: പോക്സോ കേസിൽ ജയിലിൽ കഴിയുന്ന മോട്ടിവേഷണൽ സ്പീക്കര്‍ ഫിലിപ് മമ്പാടിനെതിരെ റിമാൻഡ് റിപ്പോര്‍ട്ടിൽ ഗുരുതര പരാമര്‍ശങ്ങൾ. കരുതിക്കൂട്ടിയാണ് പെൺകുട്ടിയെ പ്രതി കൂട്ടികൊണ്ടുപോയതെന്നും സംഭവത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബവുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പൊലീസുകാരനുമായ ഫിലിപ് മമ്പാട് അറസ്റ്റിലായത്. പ്രതിയുടെ റിമാഡ് റിപ്പോര്‍ട്ടിലാണ് ഗുരുതര പരാമര്‍ശങ്ങൾ.

കഞ്ഞാങ്ങാട്ടെ ഹോട്ടലിൽ ഫിലിപ് റൂം എടുത്തത് സര്‍വീസിലുള്ളപ്പോൾ ഉപയോഗിച്ചിരുന്നു പൊലീസ് ഐഡി കാണിച്ചാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ ഉപദ്രവിക്കണമെന്ന് കരുതിക്കൂട്ടി തന്നെയാണ് കൊണ്ടുപോയത്. സംഭവം പെൺകുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ ഒത്തു തീര്‍പ്പിനും ശ്രമിച്ചു. സമൂഹത്തിൽ സ്വാധീനമുള്ള പ്രതി മനപ്പൂർവം ചെയ്ത ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം നൽകിയാൽ നിയമസ വ്യവസ്ഥയെ സമൂഹം സംശയത്തോടെ നോക്കുമെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഗ്രേഡ് എസ് ഐ ആയിരിക്കെയാണ് ഫിലിപ് സ്വയം വിമരിച്ചത്. പിന്നാലെ മോട്ടിവേഷണൽ സ്പീക്കര്‍ എന്ന കരിയര്‍ തെരഞ്ഞെടുക്കുകയായിരുന്നു. മാനസിക പ്രയാസമുള്ള കുട്ടിയുടെ ബന്ധുക്കൾ കൗൺസിലിങ്ങിന് ആശ്രയിച്ചിരുന്നത് ഫിലിപ്പിനെ ആയിരുന്നു. ഈ അടുപ്പം മുതലാക്കിയാണ് ഇയാൾ പെൺകുട്ടിയുടെ വിശ്വാസ്യത നേടിയത്. പിന്നാലെ പെൺകുട്ടിയെ സ്വന്തം വീട്ടിലും താമസിപ്പിച്ചു. അതിനിടെയാണ് രക്ഷിതാക്കളുടെ സമ്മതം പോലുമില്ലാതെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയത്. 2025 സെപ്തംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ദുരനുഭവം വ്യക്തമാക്കിയത്. പിന്നാലെ ഫെബ്രുവരി 13ന് ഫിലിപ്പിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.