'എല്ലാ തരം തേങ്ങകളും ഇതില്‍ പൊതിക്കാം'; യന്ത്രത്തിന് പേറ്റന്റ് നേടി കാര്‍ഷിക സര്‍വ്വകലാശാല

By Web TeamFirst Published Apr 29, 2024, 5:10 PM IST
Highlights

കാര്യക്ഷമമായ നാളികേര സംസ്‌കരണത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു അത്യാധുനിക ഉപകരണമാണ് ഈ യന്ത്രമെന്ന് ഗവേഷക സംഘം.

തൃശൂര്‍: നാളികേരം പൊതിക്കുന്ന യന്ത്രത്തിന് കേരള കാര്‍ഷിക സര്‍വ്വകലാശാല പേറ്റന്റ് നേടി. സര്‍വ്വകലാശാലയിലെ ഡോ.ജയന്‍ പി.ആര്‍, ഡോ.സി.പി മുഹമ്മദ്, എം.ടെക് വിദ്യാര്‍ത്ഥിനിയായ അനു ശരത് ചന്ദ്രന്‍, റിസേര്‍ച് അസിസ്റ്റന്റ് ആയ കൊട്ടിയരി ബിനീഷ് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് ഈ യന്ത്രത്തിന് പിന്നില്‍.

കാര്യക്ഷമമായ നാളികേര സംസ്‌കരണത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു അത്യാധുനിക ഉപകരണമാണ് ഈ യന്ത്രമെന്ന് ഇവര്‍ പറഞ്ഞു. 'ഒരു സ്റ്റേഷണറി യൂണിറ്റിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന റോട്ടര്‍ ആണ് ഈ യന്ത്രത്തിന്റെ പ്രധാന ഭാഗം. തേങ്ങ ഇടുന്നതിനുള്ള പൈപ്പിലൂടെ അകത്തു കടക്കുന്ന തേങ്ങയുടെ ചകിരി, റോട്ടറിലുള്ള കത്തി പോലുള്ള ഭാഗങ്ങള്‍ ചിരട്ടയില്‍ നിന്നും വിടുവിക്കുകയും തുടര്‍ന്ന് ചകിരി വേര്‍പെടുത്തി എടുക്കുകയും ചെയ്യുന്നു.' ഈ രീതിയില്‍ ചിരട്ടക്കകത്തുള്ള മാംസളമായ ഭാഗത്തിന് കേടുപാടുകള്‍ ഒന്നും സംഭവിക്കുന്നില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

'ഉണങ്ങിയതും പച്ചയുമായ വിവിധ വലിപ്പത്തിലുള്ള തേങ്ങകള്‍ ഈ യന്ത്രം ഉപയോഗിച്ച് പൊതിക്കാവുന്നതാണ്. യന്ത്രത്തില്‍ നിന്നും പുറത്തു വരുന്ന ചകിരി നേരിട്ട് തന്നെ കയര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്നതാണ്. യന്ത്രത്തിന്റെ നൂതനമായ രൂപകല്‍പ്പനയും ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയും നാളികേരത്തിന്റെ കുറഞ്ഞ പൊട്ടല്‍ നിരക്കും നാളികേര സംസ്‌കരണ രംഗത്ത് മുന്നേറ്റത്തിന് കാരണമാകും. 50,000 രൂപ വില വരുന്ന യന്ത്രത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പാദനത്തിനായി സാങ്കേതികവിദ്യ അത്താണിയിലുള്ള കേരള അഗ്രോ മെഷിനറി കോര്‍പറേഷന്‍ ലിമിറ്റഡ്‌നു കൈമാറിയിട്ടുണ്ട്.' കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഒരു പ്രധാന നേട്ടമായ ഈ കാര്‍ഷിക ഉപകരണം നാളികേര സംസ്‌കരണ രംഗത്തെ കാര്യക്ഷമതയും ഉല്‍പാദന ക്ഷമതയും ഉയര്‍ത്തുന്നതിന് കാരണമാകുമെന്നും ഗവേഷക സംഘം പറഞ്ഞു.

'10 മണിക്ക് സൈറൺ മുഴങ്ങും, പരിഭ്രാന്തി വേണ്ട': ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ നടക്കുന്നത് സൈറൺ ട്രയൽ റൺ 
 

tags
click me!