
പത്തനംതിട്ട : കുന്നന്താനത്തെ കെ റെയിൽ പദ്ധതി പ്രദേശത്ത് വായ്പ നിഷേധിച്ച് കേരള ബാങ്ക്.സ്ഥലം ഈട് വച്ച് ലോൺ എടുക്കാൻ എത്തിയ നടയ്ക്കൽ സ്വദേശി വി എം ജോസഫിനോടാണ് വായ്പ നൽകാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചത്. സ്ഥലത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം പരിഗണിക്കാമെന്നാണ് പറഞ്ഞതെന്നാണ് കുന്നന്താനം ബ്രാഞ്ച് മാനേജറുടെ വിശദീകരണം.
ധനകാര്യ മന്ത്രിയുടെ വാക്കിൽ പ്രതീക്ഷയർപ്പിച്ചാണ് വി എം ജോസഫ് കേരള ബാങ്കിന്റെ കുന്നന്താനം ശാഖയിൽ വായ്പക്ക് അപേക്ഷിക്കാൻ എത്തിയത്. എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയായ മകന്റെ പഠനത്തിനായി മൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പത്തൊൻപതര സെന്റ് സ്ഥലം ഈട് വച്ച് ലോൺ എടുക്കാനിയിരുന്നു തീരുമാനം. എന്നാൽ സിൽവർ ലൈൻ കടന്നുപോകുന്ന സ്ഥലമാണെന്ന് ബ്രാഞ്ച് മനേജറോട് പറഞ്ഞതോടെ ലോൺ നൽകാൻ പറ്റില്ലെന്നായി. കെ റെയിൽ പദ്ധതി പ്രദേശത്തുള്ളവർക്ക് ലോൺ നൽകാനാകില്ലെന്നാണ് മാനേജരുടെ നിലപാട്. ഭൂമി ഈട് വച്ച് പണം വാങ്ങുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി അടക്കം പറഞ്ഞതാണല്ലോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പലതും പറയും. എന്നാൽ ബാങ്കിന്‍റെ നടപടി ക്രമങ്ങൾ അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂവെന്നായിരുന്നു ബാങ്ക് മാനേജരുടെ മറുപടി.
രോഗ ബാധിതനായ ജോസഫിന്റെ ചികിത്സയ്ക്ക് വലിയ തുക ചെലവായതോടെയാണ് സാന്പത്തിക പ്രതിസന്ധിയുണ്ടായതും മകന്റെ പഠന ചെലവിനായി ബാങ്കിനെ സമീപിച്ചതും. സിൽവർ ലൈന്റെ നിലവിലെ സർവേ പ്രകാരം ജോസഫിന്റെ വീടും സ്ഥലം പൂർണമായും പദ്ധതി പ്രദേശമാണ്. സമീപത്തുള്ള മറ്റ് ചിലർക്കും ബാങ്കുകളിൽ നിന്ന് വായ്പ നിഷേധിച്ചതായി പരാതിയുണ്ട്
കെ റയിൽ കടന്നു പേകുന്ന സ്ഥലത്ത് വായ്പ നൽകരുതെന്ന് ഒരു ബ്രാഞ്ചിനും നിർദേശം നൽകിയിട്ടില്ലെന്നാണ് കേരള പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെ പ്രതികരണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam