
കല്‍പ്പറ്റ: സംസ്ഥാന ബജറ്റില്‍ എട്ട് കോടി നീക്കിവെച്ചതോടെ പനമരം പഞ്ചായത്തിലെ കോളോം കടവില്‍ പാലം വരുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. എങ്കിലും 2005 മുതല്‍ ഈ പദ്ധതിയുടെ പേരില്‍ വോട്ട് രാഷ്ട്രീയത്തിന്റെ ഇരയായി മാറുന്ന ചെറുകാട്ടൂര്‍, നീര്‍വാരം പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ പാലം വരുമോ എന്ന ആശങ്കയും ഇപ്പോഴുമുണ്ട്. കാരണം മൃഗങ്ങളെ പേടിക്കാതെ കബനിയുടെ മറുകര താണ്ടാന്‍ ജനങ്ങള്‍ പാലത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 26 വര്‍ഷം പിന്നിടുകയാണ്. 1995-'96-കാലത്താണ് കേളോംകടവില്‍ പാലം വേണമെന്ന ആവശ്യം ആദ്യമായി ഉയരുന്നത്.
2005-ല്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ 11 കോടിയുടെ പദ്ധതി പാലത്തിനും അപ്രോച്ച് റോഡിനുമായി പ്രഖ്യാപിക്കപ്പെട്ടു. ഇതില്‍ 20 ശതമാനം തുക കണ്ടെത്തേണ്ടിയിരുന്നത് പനമരം, പുല്‍പ്പള്ളി പഞ്ചായത്തുകളും മാനന്തവാടി നഗരസഭയുമായിരുന്നു. ഇത് കണ്ടെത്തി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അമാന്തം കാണിച്ചതോടെ പൈലിങ് വരെ തീരുമാനിച്ച പ്രവൃത്തി മുടങ്ങിപോയി. കേളോംകടവ് പാലത്തിന് ഒപ്പം പുല്‍പ്പള്ളി പഞ്ചായത്തില്‍ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു ചേകാടി പാലം. ഇത് നിര്‍മാണം കഴിഞ്ഞ് വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നതും എടുത്തുപറയേണ്ടതാണ്.
കേളോംകടവില്‍ പാലം യാഥാര്‍ഥ്യമായാല്‍ നീരവാരത്തുള്ളവര്‍ക്ക് പനമരം ടൗണിലെത്താന്‍ വെറും ആറുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതിയാകും. പനമരത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലും അഞ്ചാമൈലിലെ കോളേജിലുമടക്കം പഠിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ നീര്‍വാരം പ്രദേശത്ത് ഉണ്ട്. എന്നാല്‍ ഇവരെല്ലാം ഇപ്പോള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. നീര്‍വാരം, ദാസനക്കര പ്രദേശത്തെ വിദ്യാര്‍ഥികളടക്കമുള്ളവര്‍ പാലമില്ലാത്തതിനാല്‍ പുഞ്ചവയല്‍ വഴി പത്ത് കിലോമീറ്ററോളം ചുറ്റിയാണ് പനമരത്തേക്ക് യാത്രചെയ്യുന്നത്.
അതുപോലെ കേളോംകടവില്‍നിന്ന് നീര്‍വാരം സര്‍ക്കാര്‍ സ്‌കൂളിലേക്കുള്ള വിദ്യാര്‍ഥികള്‍ 15 കിലോമീറ്ററിലധികം ചുറ്റിയാണ് സഞ്ചരിക്കുന്നത്. കേളോത്ത് പാലം വരുന്നതോടെ ഒരുകിലോമീറ്റര്‍ നടന്നാല്‍ കുട്ടികള്‍ക്ക് നീര്‍വാരത്തെ സ്‌കൂളിലെത്താന്‍ സാധിക്കും. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് ദാസനക്കര-നീര്‍വാരം-പനമരം റോഡ്. വൈകുന്നേരം ആറുമണികഴിഞ്ഞാല്‍ ഇവിടങ്ങളില്‍ ആനക്കൂട്ടങ്ങളെത്തുന്നത് പതിവാണ്. ഇത് കാരണം അടിയന്തര ആശുപത്രി ആവശ്യങ്ങള്‍ക്കുപോലും പുറത്തിറങ്ങാനാവാതെ പ്രയാസപ്പെടുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ നീര്‍വാരത്തുണ്ട്. കേളോംകടവ് ഭാഗത്തേക്ക് കാട്ടാനകള്‍ എത്താറില്ല.
പാലംവന്നാല്‍ നീര്‍വാരത്തുള്ളവര്‍ക്ക് വന്യമൃഗശല്യമില്ലാതെ മാനന്തവാടിയിലേക്കും മറ്റും പോകാനാകുമെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ ടൂറിസത്തിനും ഇത് മുതല്‍ക്കൂട്ടാകും. ബാണാസുര എത്തുന്ന സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ കുറുവ ദ്വീപിലേക്കും തിരിച്ചും കേളോംകടവ് പാലം വഴി യാത്ര സാധ്യമാകും. മാനന്തവാടിയിലേക്കുള്ള ദൂരവും പാലം വഴി ലാഭിക്കാന്‍ കഴിയുമെന്ന് ഇവിടെയുള്ളവര്‍ പറയുന്നു.
Read More : എക്സ്പ്രസ് ബോട്ട് ചീറിപ്പാഞ്ഞു; ശക്തമായ ഓളം തള്ളി ഹൗസ്ബോട്ട് മുങ്ങി, സംഭവം വേമ്പനാട്ടുകായലിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam