വീടിന് തീപിടിച്ചെന്ന് വ്യാജ സന്ദേശം; ഓടിയെത്തിയ ഫയർ ഫോഴ്സ് സംഘം കബളിപ്പിക്കപ്പെട്ടു

By Web TeamFirst Published Jun 21, 2019, 8:56 AM IST
Highlights

ആ നമ്പരിലേക്ക് ഉടൻ തിരിച്ചു വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഫയർ ഫോഴ്സ് പറയുന്നു. ഇതിനിടെ പൊലീസ് കൺട്രോൾ റൂമിൽ നിന്നും ഇതേ വിവരം പറഞ്ഞ് സന്ദേശമെത്തി

തിരുവനന്തപുരം: ഫയർ ഫോഴ്സിനെ വട്ടംചുറ്റിച്ച് വ്യാജ ഫോൺ സന്ദേശം. വീടിന് തീപിടിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞ അജ്ഞാതനാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ഫയർ ഫോഴ്സ് യൂണിറ്റിനെ വട്ടം ചുറ്റിച്ചത്.

ബാലരാമപുരം സ്പിന്നിങ് മില്ലിന് സമീപത്തെ വിഷ്ണുവിന്റെ വീടിന് തീപിടിച്ചുവെന്നാണ് നെയ്യാറ്റിൻകര ഫയർഫോഴ്സിന് വിവരം ലഭിച്ചത്. ഈ വിവരം പറഞ്ഞ ഉടൻ കോൾ കട്ടായി. ആ നമ്പരിലേക്ക് ഉടൻ തിരിച്ചു വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഫയർ ഫോഴ്സ് പറയുന്നു. ഇതിനിടെ പൊലീസ് കൺട്രോൾ റൂമിൽ നിന്നും ഇതേ വിവരം പറഞ്ഞ് സന്ദേശമെത്തി. ഉടനടി ഫയർ ഫോഴ്സ് സംഘം സ്ഥലത്തേക്ക് പാഞ്ഞു. 

ഫയർ ഫോഴ്സിന്റെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തേക്ക് പോയത്. എന്നാൽ സ്ഥലത്തെത്തി നാട്ടുകാരോട് ചോദിച്ചപ്പോൾ അവിടെ അങ്ങിനെ ഒരു സംഭവം നടന്നിട്ടേയില്ലെന്നായി. ഇതോടെ ഫയർ ഫോഴ്സ് സംഘം മടങ്ങി.

ഫയർഫോഴ്സ് സംഘം ബാലരാമപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബാലരാമപുരം സ്വദേശിയായ ഒരാൾ മദ്യലഹരിയിൽ വിളിച്ചു പറഞ്ഞതാണെന്നാണ് വിവരം. ഇയാളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. 

click me!