തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ പിടിയില്‍

By Web TeamFirst Published Jun 20, 2019, 6:05 PM IST
Highlights

കള്ളനോട്ട് നിർമിക്കാൻ ഉപയോഗിച്ച പ്രിന്‍റര്‍ കണ്ടെടുത്തു. പാലക്കാട് ലോട്ടറി വിൽപനക്കാരനെ കൊന്ന കേസിലെ പ്രതിയാണ് ബെന്നി.

തൃശൂര്‍: ഒന്നേകാൽ ലക്ഷത്തിന്‍റെ കള്ള നോട്ടുമായി സഹോദരങ്ങൾ തൃശ്ശൂർ ഈസ്റ്റ് പൊലീസിന്‍റെ പിടിയിൽ. ആലപ്പുഴ വടുതല സ്വദേശികളായ ബെന്നി ബർണാഡ്, ജോൺസൺ ബെർണാഡ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് വിദേശ നിർമ്മിത പ്രിന്‍ററും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. 

രഹസ്യവിവരത്തെത്തുടർന്ന പൊലീസ് നടത്തിയ പരിശോധനയിലാണ് തൃശ്ശൂർ ശക്താൻ സ്റ്റാൻഡിൽ നിന്ന് ബെന്നി പിടിയിലാകുന്നത്. പിടികൂടുമ്പോൾ ഇയാളുടെ പക്കൽ 2000 രൂപയുടെ 9 കള്ള നോട്ടുകൾ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സഹോദരനായ ജോൺസൺ ആണ് കള്ളനോട്ട് നിർമ്മിക്കുന്നതെന്ന് മനസ്സിലായത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജോൺസൺ പിടിയിലായത്. 

ഇയാളുടെ വടുതലയിലെ വീട്ടിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. കള്ള നോട്ട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വിദേശ നിർമ്മിത പ്രിന്‍ററും മറ്റ് ഉപകരണങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. അറസ്റ്റിലായ ബെന്നി 2005 ൽ പാലക്കാട് ഒരു ലോട്ടറി വിൽപനക്കാരനെ കൊന്ന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന പ്രതിയാണ്. 

ആലപ്പുഴ, എറണാകുളം ,കൊല്ലം, കോട്ടയം എന്നീ ജില്ലകളിലായി ലക്ഷക്കണക്കിന് രൂപയുടെ കള്ള നോട്ടുകൾ ഇവർ വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു ലക്ഷം രൂപ കൊടുത്താൽ ഇരട്ടി കള്ളനോട്ടാണ് ഇവർ തിരിച്ചു നൽകുകയെന്നും പൊലീസ് പറ‍ഞ്ഞു. കേസിൽ ഉൾപ്പെട്ട കൂടുതൽ പേരെ പിടി കൂടാൻ അന്വേഷണം തുടരുകയാണ്

click me!