ഓമനിച്ച് വളര്‍ത്തിയ കാട്ടുപന്നിയെ കാടുകയറ്റി, പകരം ഉണ്ണിക്ക് മുയലുകളെയും ആട്ടിന്‍കുട്ടിയെയും നല്‍കി വനംവകുപ്പ്

By Web TeamFirst Published Oct 26, 2020, 3:37 PM IST
Highlights

ഒക്ടോബര്‍ 20 നാണ് ഉണ്ണിയടക്കം നടവയല്‍ ആലുംമല കോളനിയിലെ കുട്ടികള്‍ ഓമനിച്ച് വളര്‍ത്തിയ ചിക്കുവിനെ വനംവകുപ്പ് പിടികൂടി കാടുകയറ്റിയത്.
 

കല്‍പ്പറ്റ: ഓമനിച്ച് വളര്‍ത്തിയ കാട്ടുപന്നിയെ നഷ്ടമായതിന്റെ വേദനയിലിരിക്കുന്ന ഒമ്പതുവയസ്സുകാരന്‍ ഉണ്ണിക്ക് ആട്ടിന്‍ കുട്ടിയെയും രണ്ട് മുയലുകളെയും സമ്മാനിച്ച വനംവകുപ്പ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു ആട്ടിന്‍ കുട്ടിയെയാണ് നല്‍കിയത്. മുയലുകളെ നല്‍കിയതാകട്ടെ കെണിച്ചിറ ലയന്‍സ് ക്ലബ്ബാണ്. 

ഒക്ടോബര്‍ 20 നാണ് ഉണ്ണിയടക്കം നടവയല്‍ ആലുംമല കോളനിയിലെ കുട്ടികള്‍ ഓമനിച്ച് വളര്‍ത്തിയ ചിക്കുവിനെ വനംവകുപ്പ് പിടികൂടി കാടുകയറ്റിയത്.  പ്രിയപ്പെട്ട ചിക്കുവിനെ കാടുകയറ്റിയത്. കാട്ടുപന്നിയെ ശല്യമൃഗമായി കണ്ട് വെടിവച്ചുകൊല്ലാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് വയനാട് പനമരത്ത് ശല്യക്കാരനായ കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നാട്ടില്‍ നിന്ന് പിടികൂടി കാടുകയറ്റിയത്. 

കോളനിവാസിയായ ചിക്കന്‍ ജോലിക്ക് പോയപ്പോഴാണ് ചിക്കുവിനെ കിട്ടിയത്. ഒന്നര വര്‍ഷത്തോളം പാലും പഴവും കൊടുത്ത് വളര്‍ത്തി. ചിക്കന്റെ മകന്‍ ഉണ്ണി വിളിച്ചാല്‍ ഓടി വരുമായിരുന്നു. വളര്‍ന്നതോടെ കാട്ടുപന്നിയുടെ സ്വഭാവം കാണിക്കാന്‍ തുടങ്ങി. രാത്രികാലങ്ങളില്‍ സമീപത്തുള്ള കൃഷികളെല്ലാം നശിപ്പിക്കാന്‍ ആരംഭിച്ചു. ആളുകളെയും ആക്രമിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. 

വനപാലകരെത്തി പിടികൂടിയെങ്കിലും ചിക്കു കയറുപൊട്ടിച്ച് സ്ഥലം വിട്ടു. ഒടുവില്‍ ഉണ്ണിയെക്കൊണ്ടുതന്നെ വിളിപ്പിച്ച് കീഴടക്കി. പിടികൂടുന്നതിനിടെ പന്നി കരഞ്ഞതോടെ കോളനിയിലെ കുട്ടികള്‍ക്ക് സങ്കടമായി. ഒടുവില്‍ കുട്ടികളെ ആശ്വസിപ്പിച്ചാണ് വനപാലകര്‍ മടങ്ങിയത്. പിന്നീട് ഇവരെത്തി ഉണ്ണിക്ക് ആടിനെ നല്‍കുകയായിരുന്നു. 

 

click me!