
തൃശൂർ: മോശമായ റോഡ് നന്നാക്കണമെന്ന് നവകേരള സദസിൽ പരാതി നൽകി ദിവസങ്ങൾക്കുള്ളിൽ പരിഹാരമായെന്ന് യുവാവിന്റെ വ്ലോഗ്. റോഡ് പുനരുദ്ധാരണത്തിന് പണം അനുവദിച്ച സർക്കാർ ഉത്തരവ് സഹിതമായിരുന്നു വ്ലോഗ്. തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ വെസ്റ്റ് പൊക്കുളങ്ങര പാലം റോഡ് നന്നാക്കാനാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. 1.33 കോടി രൂപ അനുവദിച്ചെന്നും എത്രയും വേഗത്തിൽ പ്രവൃത്തി തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും യുവാവ് പറഞ്ഞു. നാട്ടുകാർ ഒപ്പിട്ട പരാതിയാണ് നവകേരള സദസ്സിൽ നൽകിയത്. ഏങ്ങണ്ടിയൂർ ബീച്ച് റോഡ് ഏറെക്കാലമായി റോഡ് തകർച്ചയിലാണെന്നും നിറയെ കുഴികളാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഗുരുവായൂർ മണ്ഡലത്തിലെ നവകേരള സദസിലാണ് പരാതി നൽകിയത്. തുറമുഖ വകുപ്പിനാണ് അപേക്ഷ നൽകിയത്. മഴക്കാലത്തിന് മുമ്പേ റോഡ് നന്നാക്കണമെന്നും അല്ലെങ്കിൽ ദുരിതമാകുമെന്നും യുവാവ് പറഞ്ഞു.
അതേസമയം, കോഴിക്കോട് നവ കേരള സദസ്സിലെ പരാതികൾക്ക് റെഡി മെയ്ഡ് മറുപടി. പരാതി സമർപ്പിച്ചവർക്ക് അയക്കാനായി കോഴിക്കോട്ടെ സർക്കാർ ഓഫീസുകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ഒരേ മറുപടി തയ്യാറാക്കി നൽകിയെന്നാണ് ആരോപണം. ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചില്ല എന്ന് പരാതിപെട്ടവർക്ക് അടുത്ത തവണ അപേക്ഷ ക്ഷണിക്കുമ്പോൾ ഓൺലൈനായി അപേക്ഷ നൽകാനാണ് മറുപടി. പഞ്ചായത്തിലെ പ്രശ്നങ്ങൾ പരാതിയിൽ ഉന്നയിച്ചവർക്ക് ഗ്രാമസഭയിൽ പോയി പ്രശ്നം അവതരിപ്പിക്കാനാണ് നിർദ്ദേശം.