വാക്കുപാലിച്ച് സര്‍ക്കാര്‍; പെട്ടിമുടി ദുരന്തത്തില്‍ അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു

By Web TeamFirst Published Feb 26, 2021, 11:27 AM IST
Highlights

അപടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക്  സര്‍ക്കാര്‍ കുറ്റിയാര്‍വാലിയില്‍ ഭൂമിയും കെഡിഎച്ച്പി കമ്പനിയുടെ നേത്യത്വത്തില്‍ 1 കോടി രൂപ മുടക്കി 8 വീടുകളും നിര്‍മ്മിച്ചുനല്‍കി. ഇപ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസ ചിലവും ഏറ്റെടുത്ത് സര്‍ക്കാര്‍ വാക്കുപാലിച്ചിരിക്കുകയാണ്.

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവിറങ്ങി. മണ്ണിടിച്ചലില്‍ അകപ്പെട്ട ഗണേഷന്‍-തങ്കമ്മാള്‍ ദമ്പതികളുടെ മക്കളായ ഹേമലത (18) ഗോപിക (17), മുരുകന്‍-രാമലക്ഷമി ദമ്പതികളുടെ മക്കളായ ശരണ്യ (19) അന്നലക്ഷ്മി (17) എന്നിവരുടെ വിദ്യാഭ്യാസ ചെലവാണ് വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 

ഓഗസ്റ്റ് ആറിനാണ് രാജമല പെട്ടിമുടിയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കാലവര്‍ഷത്തില്‍ പെയ്ത കനത്ത മഴയില്‍ വന്‍മലയിടിഞ്ഞ് നാലോളം ലയങ്ങള്‍ മണ്ണിനടയില്‍ അകപ്പെടുകയായിരുന്നു. 70 പേരുടെ മ്യതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

അപകടത്തെ തുടര്‍ന്ന് അടിയന്തര സഹായമായി 5 ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് വിവാദങ്ങള്‍ക്ക് തിരികൊളുത്തി. എന്നാല്‍ അപടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക്  സര്‍ക്കാര്‍ കുറ്റിയാര്‍വാലിയില്‍ ഭൂമിയും കെഡിഎച്ച്പി കമ്പനിയുടെ നേത്യത്വത്തില്‍ 1 കോടി രൂപ മുടക്കി 8 വീടുകളും നിര്‍മ്മിച്ചുനല്‍കി. ഇപ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസ ചിലവും ഏറ്റെടുത്ത് സര്‍ക്കാര്‍ വാക്കുപാലിച്ചിരിക്കുകയാണ്.
 

click me!