
കോഴിക്കോട്: അമ്മയുടെ പക്കല്‍ നിന്ന് മക്കളും മരുമക്കളും ചേര്‍ന്ന് വാങ്ങിയ ഒരു ലക്ഷം രൂപ രണ്ട് മാസത്തിനുള്ളില്‍ തിരികെ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നരിക്കുനി മടവൂര്‍ സ്വദേശി ഭാഗീരഥി സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കി കൊണ്ടാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്. തുക അഞ്ച് ഗഡുക്കളായി നല്‍കിയാല്‍ മതിയാകുമെന്നും ഉത്തരവില്‍ പറയുന്നു. എതിര്‍കക്ഷികളായ മക്കളെയും മരുമക്കളെയും കമ്മീഷന്‍ നേരിട്ട് കേട്ടിരുന്നു. മക്കളും മരുമക്കളും തനിക്ക് ഒരു ലക്ഷം രൂപ നല്‍കാനുണ്ടെന്ന പരാതിക്കാരിയുടെ വാദം എതിര്‍ കക്ഷികള്‍ സമ്മതിച്ച സാഹചര്യത്തിലാണ് പണം തിരികെ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.
അതേസമയം തന്റെ പരാതി പരിഗണിക്കാതെ മടവൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി താന്‍ താമസിച്ചിരുന്ന വീട് പൊളിച്ചു പണിയാന്‍ പണം അനുവദിച്ചെന്നും മക്കളും മരുമക്കളും ചേര്‍ന്ന് വീട് പൊളിച്ചുനീക്കിയെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചിരുന്നു. എന്നാല്‍ പരാതിക്കാരിയുടെ മകന് ലൈഫ് പദ്ധതിയില്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കാന്‍ സഹായം അനുവദിക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിക്കാരിക്ക് വീട്ടില്‍ കൈവശാധികാരം ഉണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ വീട്ടില്‍ അവര്‍ക്ക് കൂടി ഉടമസ്ഥാവകാശം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
അതിനിടെ മനുഷ്യാവകാശ കമ്മീഷനിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മരിച്ചുപോയ മകനെ അല്ലെങ്കില്‍ മകളെ പൂര്‍ണമായോ ഭാഗികമായോ ആശ്രയിച്ച് കഴിഞ്ഞവര്‍ക്കു മാത്രമേ കുടുംബ പെന്‍ഷന് അര്‍ഹതയുള്ളുവെന്ന് വ്യക്തമാക്കിയതാണ്. ലൈന്‍മാനായി ജോലി ചെയ്തിരുന്ന മകന്‍ മരിച്ചപ്പോള്‍ പെന്‍ഷനുള്ള പിന്തുടര്‍ച്ചാവകാശിയായി തന്നെ അംഗീകരിച്ചില്ല എന്ന അമ്മയുടെ പരാതിയിലാണ് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam