
മലപ്പുറം: കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികളെ പുനരധിവസിപ്പിച്ച് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 'കാവല്‍' പദ്ധതി ജില്ലയില്‍ വിജയകരമായി മുന്നേറുന്നു. നിലവില്‍ 272 കുട്ടികളാണ് ജില്ലയില്‍ ഈ പദ്ധതിയുടെ ഭാഗമായി പുനരധിവാസ സേവനങ്ങള്‍ ഉറപ്പാക്കി വരുന്നത്. പദ്ധതി ആരംഭിച്ച 2018 മുതല്‍ ഇതുവരെ 600-ലധികം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 48 കുട്ടികളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുട്ടികളെയും 21 വയസ്സ് വരെയുള്ള കൗമാരക്കാരെയുമാണ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുന്നത്. വിവിധ കേസുകളില്‍ കുറ്റാരോപിതരാകുന്നവരെ കൃത്യമായ കൗണ്‍സിലിംഗ്, നിരന്തര നിരീക്ഷണം, പ്രശ്‌നപരിഹാര മാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെ നെഗറ്റീവ് സാഹചര്യങ്ങളില്‍ നിന്ന് വീണ്ടെടുക്കുകയാണ് കാവല്‍ പദ്ധതി ചെയ്യുന്നത്. പോക്സോ, മോഷണം, മയക്കുമരുന്ന് ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളിലാണ് ജില്ലയില്‍ കുട്ടികള്‍ കൂടുതലായും ഉള്‍പ്പെടുന്നത്. ഇതില്‍ പോക്സോ കേസുകളില്‍ ഭൂരിഭാഗവും പ്രണയബന്ധങ്ങള്‍ വഴിയും, ലഹരി കേസുകളില്‍ മുതിര്‍ന്നവരുമായുള്ള അനാവശ്യ കൂട്ടുകെട്ടുകള്‍ വഴിയുമാണ് സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുന്ന കുട്ടികള്‍ക്ക് ഒബ്സര്‍വേഷന്‍ ഹോമിലേയോ ചില്‍ഡ്രന്‍സ് ഹോമിലേയോ കൗണ്‍സിലര്‍മാര്‍ വഴി പ്രാഥമിക കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് ആവശ്യമെങ്കില്‍ കാവല്‍ പദ്ധതിയിലേക്ക് മാറ്റുന്നത്.
കുട്ടിയുടെ കുടുംബത്തെക്കൂടി ഉള്‍പ്പെടുത്തി വ്യക്തിഗത പുനരധിവാസ പ്ലാനുകള്‍ തയ്യാറാക്കിയാണ് പ്രവര്‍ത്തനം. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ലൈഫ് സ്‌കില്‍ ട്രെയിനിംഗ്, മാനസികാരോഗ്യ പിന്തുണ, ഡി-അഡിക്ഷന്‍ പ്രോഗ്രാമുകള്‍ എന്നിവ ലഭ്യമാക്കുന്നു. പദ്ധതി നിലവില്‍ വന്നതോടെ കുട്ടികള്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ വന്‍ കുറവുണ്ടായിട്ടുണ്ടെന്നും, പദ്ധതിയിലൂടെ പിന്തുണ ലഭിച്ച നിരവധി പേര്‍ ഇന്ന് ഉന്നതവിദ്യാഭ്യാസവും വിദേശത്തടക്കം നല്ല ജോലിയും നേടി സാധാരണ ജീവിതം നയിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam