
തിരുവനന്തപുരം : കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാക്കളായ പൂവരണി ജോയിയും അടൂർ തുളസീധരനും പോലീസ് പിടിയിലായി. ഇക്കഴിഞ്ഞ 18ന് വെഞ്ഞാറുമൂട് പാച്ചുവിളാകം ദേവീ ക്ഷേത്രത്തിലടക്കം മൂന്ന് ക്ഷേത്രങ്ങളിൽ നടന്ന കവർച്ചയിലാണ് അറസ്റ്റ്. 100 ലേറെ ക്ഷേത്ര കവർച്ചകൾ നടത്തിയ സംഘം കഴിഞ്ഞ മാസമാണ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. കിളിമാനൂർ ചൂണ്ടയിൽ വീട് വാടകക്കെടുത്തായിരുന്നു പൂവരിണി ജോയിയും തുളസീധരനും കവർച്ച ആസൂത്രണം ചെയ്തത്. ജോയ് കേരളത്തിലെ മിക്ക ജില്ലയിലുമായി 160 ക്ഷേത്ര കവർച്ചകൾ നടത്തി. 30 ലേറെ കവർച്ച നടത്തിയിട്ടുണ്ട്. അടൂർ പറക്കോട് സ്വദേശി തുളസീധരൻ പാലക്കാട്ടെ ഒരു മോഷണ കേസിൽ ജയിലിൽ കഴിയുമ്പോഴാണ് ജോയ് തുളസീധരണനുമായി അടുപ്പം സ്ഥാപിച്ചത്.
ജയലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ തൊടുപുഴ കോടതിയിൽ വെച്ച് വീണ്ടും കണ്ടുമുട്ടുകയും വെഞ്ഞാറുമൂട് കവർച്ച പ്ളാൻ ചെയ്യുകയുമായിരുന്നു. ഇക്കഴിഞ്ഞ 18ന് വെഞ്ഞാറുമൂട് കളമച്ചൽ പാച്ചുവിളാകം ദേവീ ക്ഷേത്രത്തിലായിരുന്നു ആദ്യ കവർച്ച. സ്വർണപ്പൊട്ടും, താലിയും വളകളുമായിരുന്നു മോഷ്ടിച്ചത്.
ക്ഷേത്രത്തിൽ സിസിടിവിയുണ്ടെന്ന് മനസിലാക്കിയ കള്ളൻമാർ ഡിവിആർ ആണെന്ന് ധരിച്ച് കൊണ്ടുപോയത് ഇൻവെർട്ടർ ആയിരുന്നു. തൊട്ട് പിന്നാലെ വേറ്റൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് മുറിയും കുത്തിത്തുറന്ന് 3500 രൂപ വെഞ്ഞാറമൂട് പാറയിൽ ആയിരവല്ലി ക്ഷേത്രത്തിലെത്തിലും കാണിക്ക വഞ്ചി തകർത്ത് മോഷണം നടത്തി. എസ്.എച്ച്.ഒ ആസാദിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് ക്ഷേത്ര കവർച്ചകൾ അന്വേഷിച്ചത്. ഏനാത്ത് അടക്കം മറ്റിടങ്ങളിളും പ്രതികൾ ഈ കാലയളവിൽ കവർച്ച നടത്തിയതായാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് വ്യക്തമാക്കി.