
തിരുവനന്തപുരം: സൗഹൃദം സ്ഥാപിച്ചശേഷം കാറും പണവും തട്ടിയെടുത്തതായുള്ള നിരവധി പരാതികളിൽ പ്രതിയായ യുവാവിനെ അയിരൂർ പൊലീസ് പിടികൂടി. മടവൂർ തകരപറമ്പ് പ്ലാവിലവീട്ടിൽ വിഷ്ണു (33)വാണ് അറസ്റ്റിലായത്. ഇടവ മാന്തറ സ്വദേശി നസീം ബീഗം നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്. ഇവരുടെ ഉടമസ്‌ഥതയിലുള്ള സ്വിഫ്റ്റ് കാർ ബന്ധുവുമായുള്ള സൗഹൃദത്തിലൂടെ കൈക്കലാക്കുകയും എറണാകുളത്തെ കുണ്ടന്നൂർ എന്ന സ്ഥലത്ത് പണയം വച്ചു ലഭിച്ച പണവുമായി വിഷ്ണു ഒളിവിൽ പോവുകയുമായിരുന്നു എന്നായിരുന്നു പരാതി. വഞ്ചനാ കുറ്റത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സമാനമായ പരാതികൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളതായി അയിരൂർ പൊലീസ് അറിയിച്ചു.
ആറ്റിങ്ങലിൽ സമാനമായ കേസിൽ കാർ തിരിച്ചു നൽകി ഒത്തുതീർപ്പ് ആക്കിയിരുന്നു. നടയറ സ്വദേശിയിൽ നിന്നും കാർ തട്ടിയെടുത്തു പണയം വച്ച സംഭവത്തിൽ കഴിഞ്ഞദിവസം വർക്കല സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വർക്കലയിൽ ഒരു മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്ന പ്രതി നിരവധിപേരുമായി സൗഹൃദം സ്ഥാപിക്കുകയും ഇവരിൽ നിന്നും കാർ കൈക്കലാക്കി പണയം വച്ചു പണം തട്ടുകയുമാണ് രീതി എന്ന് അയിരൂർ പൊലീസ് പറഞ്ഞു. നിരവധിപേരിൽ നിന്ന് ഇയാൾ പണം കടം വാങ്ങിയ ശേഷം തിരിച്ചു നൽകാതെ മുങ്ങി നടക്കുകയാണ് എന്നും ആരോപണം ഉണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അയിരൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ സജിത്ത് എസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം
അതേസമയം വയനാട് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത 1090 കിന്റൽ കുരുമുളക് പണം നൽകാതെ കടത്തി കൊണ്ടുപോയി മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി എന്നതാണ്. മുംബൈ സ്വദേശിയായ മൻസൂർ നൂർ മുഹമ്മദിനെയാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam