
തിരുവനന്തപുരം: എം ഡി എം എയുമായി രണ്ടുപേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. ആറ്റുകാൽ സ്വദേശികളായ മിഥുൻ (25), ശരത്ത് (29) എന്നിവരാണ് രാവിലെ കോവളം ജംഗ്ഷനിൽ പിടിയിലായത്. ഇവരിൽ നിന്നു 14 ഗ്രാം എം ഡി എം എപിടികൂടി. ഇവർ സഞ്ചരിച്ച് വന്ന ബൈക്കും കസ്‌റ്റഡിയിലെടുത്തു. സിറ്റി പൊലീസ് കമ്മിഷണർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു സംഘം അറസ്‌റ്റിലായത്. ബംഗളൂരുവിൽ നിന്നു എം ഡി എം എ വാങ്ങി ബൈക്കിൽ വരുകയായിരുന്നു ഇവർ. 25,000 രൂപക്ക് ലഹരി പദാർഥങ്ങൾ വാങ്ങി ഇവിടെ എത്തിച്ച് ഇരട്ടി വിലക്ക് വിൽക്കുന്നതാണ് പ്രതികളുടെ രീതി. വിൽപനക്കൊപ്പം ഇരുവരും ഉപയോഗിക്കുകയും ചെയ്യുമെന്നും വ്യക്തമായതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ബംഗളൂരു നിന്നു തിരിച്ച പ്രതികളാണ് കോവളത്ത് പിടിയിലായത്. ലഹരി ഉപയോഗിച്ചാണ് ഇത്രയും ദൂരം ഇരുചക്ര വാഹനം ഓടിച്ചു വന്നതെന്നും ഇവർ പൊലീസിനോടു വെളിപ്പെടുത്തി. മോഷണമടക്കമുള്ള നിരവധി കേസുകളിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറയുന്നു.
അതിനിടെ പാലക്കാട് നിന്നും എം ഡി എം എയുമായി യുവാവ് പിടിയിലായി എന്ന വാർത്ത വന്നിട്ടുണ്ട്. കോട്ടയം സ്വദേശി മനു എസ് നായരാണ് പൊലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് 150 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. പൊലീസ് പിന്തുടരുന്നതിനിടെ യുവാവിന്‍റെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പിടികൂടി പരിശോധന നടത്തിയാണ് മാരക മയക്കുമരുന്നായ എം ഡി എം എ പിടിച്ചെടുത്തത്. ഇയാളുടെ കൈയ്യിൽ എം ഡി എം എ ഉണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതറിഞ്ഞ് ഡാൻസാഫ് ടീം വാളയാർ മുതൽ ഇയാളെ പിന്തുടരുകയായിരുന്നു. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ ഇയാൾ അതിവേഗത്തിൽ കടന്ന് കളയാൻ ശ്രമിച്ചു. എന്നാൽ, കരിമ്പയിലെത്തിയപ്പോഴേക്കും ബൈക്കിന്‍റെ പെട്രോള്‍ തീർന്ന് വഴിയിൽ നിന്നതോടെയാണ് യുവാവ് പൊലീസിന്‍റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ എം ഡി എം എ കൊണ്ടുവന്നത്. മലപ്പുറം എടപ്പാളിലേക്കാണ് കൊണ്ടു പോയിരുന്നതെന്ന് യുവാവ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ബെംഗളൂരുവിൽ നിന്നും എം ഡി എം എ എത്തിച്ച് ആലപ്പുഴ ജില്ലയിൽ ചില്ലറ വില്പന നടത്തുന്ന യുവാക്കളും ചേർത്തല പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കായംകുളം കൃഷ്ണപുരം പഞ്ചായത്ത് നെടുംപുരയിടത്തിൽ വീട്ടിൽ രതീഷ് (34), കരുനാഗപ്പളളി കുലശേഖരമംഗലം മൂപ്പന്റെയത് പടീറ്റതിൽ അഫ്സൽ (30) എന്നിവരാണ് പടിയിലായത്. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് ബാംഗ്ലൂരിൽ നിന്നും വിൽപനക്കായി എത്തിച്ച 98 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിലായിരുന്നു. ഈ കേസിലെ നാലും അഞ്ചും പ്രതികളാണ് ഇപ്പോൾ പിടിയിലായ രതീഷും അഫ്സലുമെന്ന് പൊലീസ് വ്യക്തമാക്കി.