കാട്ടുപന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു

Published : Sep 19, 2025, 10:09 PM IST
Suicide

Synopsis

കാട്ടുപന്നി ഇറച്ചി വാങ്ങി കറിവെച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ തൃശൂര്‍ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ മർദിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 

തൃശൂര്‍: കാട്ടു പന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞിരക്കോട് വടക്കന്‍ വീട്ടില്‍ പത്രോസ് മകന്‍ മിഥുന്‍ (30) ആണ് തൂങ്ങിമരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറും ബി.ജെ.പി. പ്രവര്‍ത്തകനുമാണ്. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ദേശമംഗലത്ത് അനധികൃതമായി വൈദ്യുതി കെണി ഒരുക്കി കാട്ടുപന്നിയെ പിടിച്ചു കൊന്നു മാംസം വില്പന നടത്തിയ ആളില്‍നിന്നു ഇറച്ചി വാങ്ങി കറിവച്ചു കഴിച്ച കേസില്‍ വനം വകുപ്പ് മിഥുനെ അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷമാണ് മിഥുന്‍ ആത്മഹത്യ ചെയ്തത്.

വീടിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. പൊലീസ് എത്തിയെങ്കിലും കലക്ടര്‍ വന്നാലെ മൃതദേഹം താഴെയിറക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് പറഞ്ഞു. സബ് കലക്ടര്‍ എത്തിയ ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. പൊലീസ് മേല്‍ നടപടി സ്വീകരിച്ചു. വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണ്‍ വാങ്ങാനായി വ്യാഴാഴ്ച ചെന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി മിഥുന്‍ വീട്ടുകാരോട് പറയുകയും ഇതിന്റെ മനോവിഷമത്തിലാണ് മരിച്ചതെന്നും പറയുന്നു.

കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ നേരത്ത ദേശമംഗലം പല്ലൂര്‍ കിഴക്കേതില്‍ മുഹമ്മദ് മുസ്തഫയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കാഞ്ഞിരക്കോട് മാങ്കുളത്തു വീട്ടില്‍ ശിവന് (54) ഇറച്ചി നല്‍കിയെന്നു അറിഞ്ഞത്. ശിവനില്‍ നിന്നാണ് മിഥുന്‍, മനവളപ്പില്‍ മുരളീധരന്‍ എന്നിവര്‍ ഇറച്ചി വാങ്ങി കറിവച്ച് കഴിച്ചത്. ശിവനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തപ്പോള്‍ മിഥുന്‍, മുരളീധരന്‍ എന്നിവര്‍ക്കു ജാമ്യം നല്‍കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം