വയോജനങ്ങളുടെ സുരക്ഷയ്ക്കായി കേരള പൊലീസിന്‍റെ ബെൽ ഓഫ് ഫെയ്ത് പദ്ധതി

By Web TeamFirst Published Jan 28, 2020, 12:38 AM IST
Highlights

ബെൽ ഓഫ് ഫെയ്ത് പദ്ധതിയിൽ കീചെയിൻ വലിപ്പത്തിൽ കയ്യിൽ കൊണ്ട് നടക്കാൻ സാധിക്കുന്ന റിമോര്‍ട്ടോടു കൂടിയ ഒരു ഉപകരണം വീട്ടിൽ ഘടിപ്പിച്ചു നൽകും.

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷയ്ക്കായി ജനമൈത്രി പൊലീസിന്‍റെ ബെൽ ഓഫ് ഫെയ്ത് പദ്ധതി. പദ്ധതിയുടെ കീഴില്‍ ഇനി കേരളത്തിലെ വയോധികര്‍ സുരക്ഷിതരാണ്.  ആലപ്പുഴ റോട്ടറി ഹാളിൽ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. ഗുരുപുരം ചിറയിൽ വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന 75 വയസുകാരി ജെ രാജമ്മയ്ക്ക് ബെല്‍ നല്‍കിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. 

16 വർഷങ്ങൾക്ക് മുമ്പ് ഭർത്താവായ രാജപ്പൻ മരിച്ചതിനു ശേഷം മക്കളില്ലാത്ത രാജമ്മ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇനി ഒറ്റയ്ക്കാണെന്ന പേടി രാജമ്മയ്ക്ക് വേണ്ട. ബെൽ ഓഫ് ഫെയ്ത് പദ്ധതിയിൽ കീചെയിൻ വലിപ്പത്തിൽ കയ്യിൽ കൊണ്ട് നടക്കാൻ സാധിക്കുന്ന റിമോര്‍ട്ടോടു കൂടിയ ഒരു ഉപകരണം വീട്ടിൽ ഘടിപ്പിച്ചു നൽകും. ആവശ്യസമയത്ത് റിമോട്ടിൽ ബട്ടൺ അമർത്തിയാൽ 100 മീറ്റർ പരിധിയിൽ കേൾക്കാൻ സാധിക്കുന്ന തരത്തിലുള്ള വലിയ ശബ്‍ദം ഉണ്ടാകുകയും ഒരു പ്രാവശ്യം കൂടി ബട്ടൺ അമർത്തുമ്പോൾ ശബ്ദം നിർത്തുകയും ചെയ്യാം.

 ജനമൈത്രി പൊലീസിന്റെ ഈ പദ്ധതിയിൽ രാജമ്മയെപ്പോലെ ജില്ലയിലെ നാലായിരത്തോളം വരുന്ന വയോജനങ്ങളാണ് സുരക്ഷിതരാകുന്നത്. ജനമൈത്രി പൊലീസിന്റെ 2018-2019 പ്ലാൻ ഫണ്ടിൽ നിന്നുമാണ് ഈ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളിൽ ബിഎസ്എൻഎൽ കസ്റ്റമർ ആയവർക്ക് ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്തുന്നതാണ് ഹോട്‌ലൈൻ ഹെൽപ്പ് ലൈൻ പദ്ധതി. 

അടിയന്തര ഘട്ടത്തിൽ ലാൻഡ് ലൈൻ ഫോൺ റിസീവർ എടുത്ത് 15 സെക്കൻഡുകൾ ഉയർത്തി പിടിച്ചാൽ അടിയന്തരമായി സന്ദേശം ലാൻഡ് ലൈൻ ഫോൺ പരിധിയിലെ പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്ന സംവിധാനമാണിത്. ജില്ലയിലെ ആദ്യഘട്ടമെന്ന നിലയിൽ 509 വയോജനങ്ങളെ ഉൾപ്പെടുത്തി 398 ലാൻഡ് ലൈനുകളിൽ ഈ സംവിധാനം നിലവിൽ പ്രവർത്തനമാരംഭിച്ചു.

click me!