മമ്മട്ടിക്കാനം സ്വദേശി പുത്തൻപുരക്കൽ സന്തോഷിന്റെ ഏലത്തോട്ടത്തിലെ കുളത്തിൽ വളർത്തിയിരുന്ന മത്സ്യങ്ങളെയാണ് സാമൂഹിക വിരുദ്ധർ രാത്രിയുടെ മറവിൽ അപഹരിച്ചത്.

ഇടുക്കി: രാജാക്കാട് മമ്മട്ടിക്കാനത്ത് വിളവെടുപ്പിന് പാകമായ ശുദ്ധജല മത്സ്യങ്ങളെ കുളത്തിൽ നിന്ന് മോഷ്ടിച്ചതായി പരാതി. മമ്മട്ടിക്കാനം സ്വദേശി പുത്തൻപുരക്കൽ സന്തോഷിന്റെ ഏലത്തോട്ടത്തിലെ കുളത്തിൽ വളർത്തിയിരുന്ന മത്സ്യങ്ങളെയാണ് സാമൂഹിക വിരുദ്ധർ രാത്രിയുടെ മറവിൽ അപഹരിച്ചത്.

കഴിഞ്ഞ ഒമ്പത് വർഷമായി സന്തോഷ് ഈ കുളത്തിൽ വിജയകരമായി മത്സ്യകൃഷി നടത്തിവരികയായിരുന്നു. ഏറ്റവുമൊടുവിൽ സിലോപ്പിയ, നട്ടർ ഇനങ്ങളിൽപ്പെട്ട രണ്ടായിരത്തി അഞ്ഞൂറോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. അടുത്ത ദിവസം വിളവെടുപ്പ് നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വൻ മോഷണം നടന്നത്. വലിയ മീനുകളെ മുഴുവൻ കടത്തിക്കൊണ്ടുപോയ മോഷ്ടാക്കൾ ചെറിയ മീനുകളെ മാത്രമാണ് കുളത്തിൽ ബാക്കിവെച്ചത്. മോഷണത്തിനിടെ കുറച്ച് മീനുകൾ ചത്തുപൊങ്ങുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം രാവിലെ ഇതര സംസ്ഥാന തൊഴിലാളി തീറ്റ നൽകാൻ എത്തിയപ്പോഴാണ് മീനുകൾ നഷ്ടപ്പെട്ട വിവരം ഉടമ അറിയുന്നത്. മുൻപും ഇവിടെ മോഷണശ്രമം നടന്നതിനെ തുടർന്ന് സമീപത്തെ മരത്തിൽ സിസിടിവി സ്ഥാപിച്ചിരുന്നു. എന്നാൽ ക്യാമറയിൽ കുളത്തിന്റെ പൂർണ്ണ ദൃശ്യങ്ങൾ വ്യക്തമാകാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. സന്തോഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജാക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.