Kerala Police : 'സുഖമായി ഉറങ്ങൂ, പൊലീസ് കാവലുണ്ട്'; തൃശൂരിലെ ദമ്പതികൾക്ക് തുണയായി എസ്ഐയും സംഘവും

Published : Mar 16, 2022, 11:19 PM ISTUpdated : Mar 16, 2022, 11:21 PM IST
Kerala Police : 'സുഖമായി ഉറങ്ങൂ, പൊലീസ് കാവലുണ്ട്'; തൃശൂരിലെ ദമ്പതികൾക്ക് തുണയായി എസ്ഐയും സംഘവും

Synopsis

Kerala Police : ''ഇങ്ങനെയൊക്കെ നിങ്ങൾ പറയുമ്പോഴാണ് ഞങ്ങളുടെ ജോലിയുടെ വൈവിധ്യമാർന്ന സ്വഭാവം പുറംലോകം അറിയുന്നത്. നിങ്ങൾ സുഖമായി ഉറങ്ങിക്കൊള്ളുക, ഇവിടെ കാവലിരിക്കാൻ ഞങ്ങളുണ്ട്...''

രാത്രി ഏറെ വൈകി തൃശൂരിലെ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് (Police Station) ഓടിയെത്തിയ ദമ്പതികൾക്ക് സഹായമായി എസ് ഐയും സംഘവും. കുടുംബ വഴക്കിനെ തുടർന്ന് സ്വയം കൈ ഞരമ്പ് മുറിച്ച് ആശുപത്രിയിലേക്ക് (Hospital) പോകാൻ കൂട്ടാക്കാതിരുന്ന പിതാവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികൾ പൊലീസിനെ സമീപിച്ചത്. ദമ്പതികൾക്കൊപ്പം ഇവരുടെ താമസസ്ഥലത്തെത്തി വൃദ്ധനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിച്ച് ആശുപത്രിയിലെത്തിച്ച പൊലീസിന്റെ സമയോചിതമായ ഇടപെടലോടെ അദ്ദേഹത്തിന് ജീവൻ തിരിച്ചുകിട്ടി. പിന്നീട് ഈ ദമ്പതികൾ വീണ്ടും സ്റ്റേഷനിലെത്തുകയും മാപ്പുപറയുകയും ചെയ്തു. 

ഈ സംഭവം കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെത്തുന്ന ഓരോ ആളുകൾക്കും പറയാനുണ്ടാകും ഇത്തരത്തിലുള്ള സ്വന്തം അനുഭവങ്ങൾ. ഇങ്ങനെയൊക്കെ നിങ്ങൾ പറയുമ്പോഴാണ് ഞങ്ങളുടെ ജോലിയുടെ വൈവിധ്യമാർന്ന സ്വഭാവം പുറംലോകം അറിയുന്നത്. നിങ്ങൾ സുഖമായി ഉറങ്ങിക്കൊള്ളുക, ഇവിടെ കാവലിരിക്കാൻ ഞങ്ങളുണ്ട്. - പോസ്റ്റിൽ കുറിച്ചിരിക്കുന്നു. 

പോസ്റ്റ് വായിക്കാം...

ഇന്നലെ രാത്രി പത്തരമണിക്ക് തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീയും പുരുഷനും കയറി വന്നു.

അവർ വല്ലാതെ പരിഭ്രമിക്കുന്നുണ്ടായിരുന്നു.

നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ അവരോട് കാര്യങ്ങൾ തിരക്കി.

സാർ, രക്ഷിക്കണം.

ഞങ്ങളുടെ അച്ഛൻ കൈതണ്ടയിൽ സ്വയം മുറിവേൽപ്പിച്ച് രക്തം വാർന്നു കിടക്കുകയാണ്. ആശുപത്രിയിലെത്തിക്കുന്നതിന് അദ്ദേഹം സമ്മതിക്കുന്നില്ല. പെട്ടന്ന് വീട്ടിലേക്ക് വന്ന് അച്ഛനെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണം.

അവർ കരയുകയായിരുന്നു.

സംഭവം കേട്ട ഉടൻതന്നെ സബ് ഇൻസ്പെക്ടർ തോമസ്, സിവിൽ പോലീസ് ഓഫീസർ സിറിൾ പി.എസ്, ഹോം ഗാർഡ് ബാബു എന്നിവരുമൊത്ത് പോലീസ് വാഹനത്തിൽ അവർ താമസിക്കുന്ന ഫ്ളാറ്റിലെത്തി.

അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് അയാൾ സ്വന്തം കൈത്തണ്ടയിൽ മുറിവേൽപ്പിച്ചത്. എഴുപത് വയസ്സാണ് പ്രായം. മുറിയിലാകെ രക്തം വാർന്നു കിടക്കുന്നുണ്ട്. എന്നിട്ടും അയാൾ മുറിയിൽ കിടന്ന് ഉലാത്തുകയാണ്. വീട്ടിലെ എന്തോ പ്രശ്നത്തെത്തുടർന്നുള്ള ദ്വേഷ്യത്തിന് ചെയ്തതാണിത്.

പോലീസുദ്യോഗസ്ഥർ അവിടെയെത്തിയപ്പോഴും അയാളുടെ മുഖത്ത് ആ ദ്വേഷ്യഭാവം വിട്ടുപോയിട്ടില്ല. പോലീസുദ്യോഗസ്ഥർ വളരെ അനുനയത്തോടെ അയാളോട് സംസാരിച്ചു. പോലീസുദ്യോഗസ്ഥരുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിൽ അയാൾ വഴങ്ങി. അങ്ങിനെ അയാളെ, വീട്ടുകാരേയും കൂട്ടി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലെത്തിച്ച അയാളെ ഡോക്ടർ പരിശോധിച്ച്, മുറിവുകൾ തുന്നിക്കെട്ടുകയും, മതിയായ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. വളരെ ആഴത്തിലുള്ള മുറിവായിരുന്നു അതെന്നും, പന്ത്രണ്ട് സ്റ്റിച്ചുകൾ ഇടേണ്ടിവന്നതായും ഡോക്ടർമാർ പറഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതുകൊണ്ട് അയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.

പോലീസുദ്യോഗസ്ഥർ ആശുപത്രിയിൽ നിന്നും തിരികെപോന്ന് പോലീസ് സ്റ്റേഷനിലെത്തി പതിവു ഡ്യൂട്ടികൾ തുടരുകയായിരുന്നു.

നേരത്തെ വന്ന സ്ത്രീയും പുരുഷനും ഇതാ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് കയറിവരുന്നു.

സബ് ഇൻസ്പെക്ടർ ആകാംക്ഷയോടെ അവരെ നോക്കി ചോദിച്ചു.

എന്തെങ്കിലും സംഭവിച്ചോ ?

സർ,

ഞങ്ങൾ അങ്ങയോടും മറ്റ് പോലീസുദ്യോഗസ്ഥരോടും നന്ദി പറയാൻ വന്നതാണ്. ആരും സഹായത്തിനില്ലാത്ത അവസ്ഥയിൽ മടിച്ചുകൊണ്ടാണ് ഞങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് കയറി വന്നത്. അങ്ങയുടേയും സഹപ്രവർത്തകരുടേയും സഹായം കൊണ്ടാണ് എന്റെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. വളരെ നന്ദി സർ.

അവർ കരയുന്നുണ്ടായിരുന്നു.

സബ് ഇൻസ്പെക്ടർ തോമസ് അവരെ സ്നേഹത്തോടെ യാത്രയാക്കി.

പോലീസ് സ്റ്റേഷനിലെത്തുന്ന ഓരോ ആളുകൾക്കും പറയാനുണ്ടാകും ഇത്തരത്തിലുള്ള സ്വന്തം അനുഭവങ്ങൾ. ഇങ്ങനെയൊക്കെ നിങ്ങൾ പറയുമ്പോഴാണ് ഞങ്ങളുടെ ജോലിയുടെ വൈവിധ്യമാർന്ന സ്വഭാവം പുറംലോകം അറിയുന്നത്.

നിങ്ങൾ സുഖമായി ഉറങ്ങിക്കൊള്ളുക, ഇവിടെ കാവലിരിക്കാൻ ഞങ്ങളുണ്ട്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. വിദഗ്ദരുടെ സഹായം തേടുക. വിളിക്കൂ: 1056, 0471 – 2552056.

24 മണിക്കൂറും പോലീസ് സഹായത്തിന് വിളിക്കൂ – 112.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വാട്ട് എ ബ്യൂട്ടിഫുൾ സോങ്'; പോറ്റിയെ കേറ്റിയേ പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും; ഇന്ദിരാ ഭവനിൽ പോറ്റിപ്പാട്ട് പാടി ഖേര
രാത്രി റോഡരികിൽ മാലിന്യം തള്ളി നൈസായിട്ട് പോയി, പക്ഷേ ചാക്കിനുള്ളിലെ 'തെളിവ്' മറന്നു! മലപ്പുറത്തെ കൂൾബാർ ഉടമക്ക് എട്ടിന്‍റെ പണി കിട്ടി