
തൃശൂർ: സ്വകാര്യ ബസിലെ കണ്ടക്ടറെ കള്ളക്കേസിൽ കുടുക്കി കേസെടുത്തുവെന്ന് ആരോപിച്ചുള്ള പ്രതിഷേധം ശക്തമാക്കി തൃശൂരിലെ സംയുക്ത തൊഴിലാളി യൂണിയനുകൾ രംഗത്ത്. നാളെ തൃശൂർ വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിൽ സ്വകാര്യബസ് പണിമുടക്ക് പ്രഖ്യാപിച്ചുകൊണ്ടാണ് സംയുക്ത തൊഴിലാളി യൂണിയൻ പ്രതിഷേധം ശക്തമാക്കിയത്. ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയിൽ എരുമപ്പെട്ടിയിൽ നിന്നും വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ അനൂപിനെതിരെ വടക്കാഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. ഇതാണ് തൊഴിലാളി യൂണിയനുകളെ പ്രകോപിപ്പിച്ചത്. അനൂപിനെതിരെ കള്ളക്കേസെടുത്തുവെന്ന് ആരോപിച്ചുകൊണ്ട് വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിൽ ഇന്ന് ഉച്ചക്ക് ശേഷം സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് നാളെ ഈ റൂട്ടിൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
തൊഴിലാളികൾക്ക് അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കിൽ ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മിന്നൽ പണിമുടക്ക് വൈകാതെ തന്നെ സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കും എന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. അതേസമയം വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിൽ ഇന്ന് ഉച്ചക്ക് ശേഷം സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വല്ലാതെ വലച്ചിരുന്നു. ഉച്ചയ്ക്ക് ഒന്നര മുതലാണ് ഈ റൂട്ടിലെ സ്വകാര്യ ബസ് സർവ്വീസുകൾ പൂർണ്ണമായി നിർത്തിവെച്ചത്. സ്കൂൾ കുട്ടികളുൾപ്പെടെ നിരവധി യാത്രക്കാർ ഇതോടെ പെരുവഴിയിലായി.
നിർമിത ബുദ്ധി അടക്കം ഉപയോഗിച്ച് കെഎസ്ആർടിസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. നിർമിത ബുദ്ധി സഹായത്താൽ കെഎസ്ആർടിസി ഷെഡ്യൂൾ പരിഷ്കരിക്കും. പലപ്പോഴും ഒരേ സമയം തുടർച്ചയായി ബസുകൾ ഒരേ റൂട്ടിൽ പോകുന്ന സാഹചര്യമുണ്ട്. നിർമിത ബുദ്ധിയാൽ പുതിയ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കും. ഒരേ റൂട്ടിൽ കൃത്യമായ ഇടവേളയിൽ ബസ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കും. ജിപിഎസ് സഹായത്താൽ ഗതാഗത കുരുക്ക് മുൻകൂട്ടി അറിഞ്ഞ് ഷെഡ്യൂൾ നിശ്ചയിക്കാനാകും. കൂട്ടായ പ്രവർത്തന ഫലമായാണ് കെഎസ്ആർടിസി ലാഭത്തിലായത്. ഒരു ബസിൽ നിന്ന് കിലോമീറ്ററിന് ശരാശരി 50 രൂപ ലഭിക്കുന്നു. കർണാടകയിലും തമിഴ്നാടിലും യഥാക്രമം 38, 36 രൂപയാണ്. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളും ലാഭകരമായി മുന്നേറുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 10 മാസത്തിനിടെ രണ്ടര കോടി രൂപയാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിലൂടെ ലാഭം നേടിയത്. കൂടുതൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കും. ആറുവരി ദേശീയ പാത പ്രവർത്തന സജ്ജമാക്കുന്നതോടെ ലൈൻ ട്രാഫിക് പഠിപ്പിച്ചു കൊണ്ടാകും ഡ്രൈവിംഗ് പരിശിലനം. കെഎസ്ആർടിസിയിൽ നിയമനത്തിന് പൊലീസിലേത് പോലെ ഫിറ്റ്നെസ് ടെസ്റ്റ് പ്രാവർത്തികമാക്കുന്നത് പി എസ് സിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam