മൺസൂൺ മഴ: 'ഇത്തവണ സാധാരണയിൽ കൂടുതലെന്ന് പ്രവചനം', മുന്നൊരുക്കത്തിന് സജ്ജമാകാൻ എറണാകുളം കളക്ടറുടെ നിർദേശം

Published : May 04, 2024, 06:50 PM ISTUpdated : May 04, 2024, 06:51 PM IST
മൺസൂൺ മഴ: 'ഇത്തവണ സാധാരണയിൽ കൂടുതലെന്ന് പ്രവചനം', മുന്നൊരുക്കത്തിന് സജ്ജമാകാൻ എറണാകുളം കളക്ടറുടെ നിർദേശം

Synopsis

സൗത്ത് ഏഷ്യന്‍ സീസണല്‍ ക്ലൈമറ്റ് ഔട്ട്ലുക്ക് ഫോറം ആണ് കേരളത്തില്‍ ഇത്തവണ സാധാരണയില്‍ കൂടുതല്‍ കാലവര്‍ഷ മഴ ലഭിക്കാനുള്ള സാധ്യത പ്രവചിച്ചത്. 

കൊച്ചി: മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവലോകനം ചെയ്ത് എറണാകുളം കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്. കേന്ദ്ര കലാവസ്ഥാ വകുപ്പ് ലഭ്യമാക്കിയിട്ടുള്ള ദീര്‍ഘകാല പ്രവചനം അനുസരിച്ച് മണ്‍സൂണ്‍ മഴ രാജ്യത്താകമാനം സാധാരണയില്‍ കൂടുതല്‍ (106% + 5%) ആവാനുള്ള സാധ്യതയാണുള്ളതെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഔദ്യോഗിക കാലാവസ്ഥാ ഏജന്‍സികളുടെ കൂട്ടായ്മയായ സൗത്ത് ഏഷ്യന്‍ സീസണല്‍ ക്ലൈമറ്റ് ഔട്ട്ലുക്ക് ഫോറം കേരളത്തില്‍ ഇത്തവണ സാധാരണയില്‍ കൂടുതല്‍ കാലവര്‍ഷ മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നു. ഈ സാഹചര്യത്തില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

'മഴക്കാലത്ത് കൊതുകുകളുടെ ഉറവിട നശീകരണം ഉറപ്പാക്കണം. തോട്ടം മേഖലയിലുള്‍പ്പടെ വെള്ളക്കെട്ട് ഒഴിവാക്കാനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും നടപടി സ്വീകരിക്കണം.' ഓടകള്‍, കനാലുകള്‍, തോടുകള്‍ എന്നിവ സമയബന്ധിതമായി ശുചിയാക്കണമെന്നും കളക്ടര്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. 'ആക്രി കച്ചവടം നടത്തുന്ന സ്ഥലങ്ങളില്‍ ആക്രി സാധനങ്ങള്‍ ഷീറ്റ് ഉപയോഗിച്ച് മൂടാന്‍ നിര്‍ദേശിക്കണം. ഇത്തരം സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ വളരും. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കണം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പൊതുമരാമത്ത് പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം.' മാലിന്യ നിര്‍മാര്‍ജനം വേഗത്തില്‍ നടത്തുകയും മഴയ്ക്ക് മുന്‍പായി പൊതു ഇടങ്ങളില്‍ മാലിന്യം കെട്ടികിടക്കുന്നില്ല എന്നത് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. 

'മഴക്കാലത്ത് ദുരിതാശ്വാസ ക്യാപുകളായി പ്രവര്‍ത്തിക്കേണ്ട സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. തദ്ദേശ തലത്തില്‍ ജെ.സി.ബി, ഹിറ്റാച്ചി, ചെയ്ന്‍ ബെല്‍റ്റ് ഉള്ള ഹിറ്റാച്ചി, ബോട്ടുകള്‍, വള്ളങ്ങള്‍, ഇലക്ട്രിക് മരം മുറി യന്ത്രങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍, ഉടമയുടെ പേരും, മൊബൈല്‍ നമ്പരും സഹിതം വിവരശേഖരണം നടത്തണം.' ജൂണ്‍ ഒന്നു മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അവതരിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും മണ്ണില്‍ പണിയെടുക്കുന്നവരും ഡോക്സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കണം. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കര്‍ശന നടപടികള്‍ വേണം. കൊതുക് സാന്ദ്രതയിലെ വര്‍ധന, കാലാവസ്ഥയിലെ മാറ്റം, അതിഥി തൊഴിലാളി ക്യാംപുകളിലെ മലിനീകരണം, വളര്‍ത്തുമൃഗങ്ങള്‍ വഴിയുള്ള രോഗപ്പകര്‍ച്ച തുടങ്ങിയവയാണ് പകര്‍ച്ചവ്യാധിയുടെ മുഖ്യകാരണങ്ങള്‍. മഴക്കാല രോഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ഇ അബ്ബാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഓണ്‍ലൈനായും പങ്കെടുത്തു.

'ഉത്തരവ് ഹൈറേഞ്ച് മേഖലയ്ക്കും ബാധകം, ആരെയും ഒഴിവാക്കിയിട്ടില്ല'; കടുപ്പിച്ച് ലേബര്‍ കമ്മീഷണര്‍ 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന ശിക്ഷാര്‍ഹ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമന്ന് മലപ്പുറം ഡിഎംഒ
'കേര’ അപേക്ഷാ ജനുവരി 31 വരെ നീട്ടി; കർഷക ഉൽപ്പാദക വാണിജ്യ കമ്പനികൾക്ക് സുവര്‍ണാവസരം