50 അടി ഉയരുമുള്ള കോണ്‍ക്രീറ്റ് ഭിത്തി നിലംപൊത്തി; 40ലക്ഷം രൂപയുടെ വീട് അപകടാവസ്ഥയില്‍

By Web TeamFirst Published Nov 30, 2021, 7:48 AM IST
Highlights

ഒന്നര വര്‍ഷം മുമ്പാണ് പ്രവാസിയായ ചാക്കോ മൂന്ന് സെന്റ് സ്ഥലവും ഇരുനില വീടും 40 ലക്ഷം രൂപക്ക് സ്വന്തമാക്കിയത്. എന്നാല്‍ ഒറ്റരാത്രി കൊണ്ട് ഇവരുടെ സ്വപ്‌നം തകര്‍ന്നു.
 

മലയിന്‍കീഴ്: മലയിന്‍കീഴ് കരിപ്പൂരില്‍ മണ്ണിടിലിച്ചിലിനെ (Landslide) തുടര്‍ന്ന് രണ്ട് വീടുകള്‍ അപകടാവസ്ഥയില്‍. അന്‍പതടി ഉയരവും 100 മീറ്ററിലേറെ നീളവുമുള്ള കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെയാണ് വീടുകള്‍ അപകടത്തിലായത്. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. പ്രവാസിയും കോട്ടയം സ്വദേശിയുമായ കോടങ്കണ്ടത്ത് വര്‍ഗീസ് ചാക്കോ, ഉദയഗിരിയില്‍ സി ഗോപിനാഥ് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. ചാക്കോയുടെ വീടിന്റെ പിറകുവശത്തെ കോണ്‍ക്രീറ്റ് ഭിത്തിയും മതിലും കക്കൂസും തകര്‍ന്നു. തറയുടെ ഭാഗം അന്തരീക്ഷത്തിലാണ് നില്‍ക്കുന്നത്. തറയും ചുമരും വിണ്ടുകീറി അപകടാവസ്ഥയിലായി. ഗോപിനാഥന്‍ നായരുടെ വീടിന് ചേര്‍ന്നുള്ള ഭാഗവും മണ്ണിടിഞ്ഞു. ഈ കുടുംബങ്ങളും സമീപത്തുള്ളവരും മാറിത്താമസിച്ചു.

സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തിയും അപകടത്തിലാണ്. സമീപത്തെ ആറുവീടുകളും അപകടഭീഷണിയിലാണ്. റവന്യൂ, ഫയര്‍ഫോഴ്‌സ്, പൊലീസ് അധികൃതര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ കലക്ടര്‍ റിപ്പോര്‍ട്ട് തേടി. 40 ലക്ഷം രൂപ നല്‍കി വാങ്ങിയ ചാക്കോയുടെ വീടാണ് അപകടത്തിലായത്. ഒന്നര വര്‍ഷം മുമ്പാണ് പ്രവാസിയായ ചാക്കോ മൂന്ന് സെന്റ് സ്ഥലവും ഇരുനില വീടും 40 ലക്ഷം രൂപക്ക് സ്വന്തമാക്കിയത്. എന്നാല്‍ ഒറ്റരാത്രി കൊണ്ട് ഇവരുടെ സ്വപ്‌നം തകര്‍ന്നു. ഞായറാഴ്ച അര്‍ധരാത്രി വലിയ ശബ്ദം കേട്ടതോടെ കുടുംബം പുറത്തേക്കോടി രക്ഷപ്പെട്ടു. പിറ്റേന്ന് തൊഴിലാളികളുടെ സഹായത്തോടെയാണ് സാമഗ്രികള്‍ സുരക്ഷിതമായി പുറത്തെത്തിച്ചത്.
 

click me!