'മഴ പെയ്തപ്പോൾ അധ്യാപകർ വരാന്തയിലേക്ക് കയറി, മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ മാവ് വീണു'; ഒഴിവായത് വൻ ദുരന്തം

Published : May 17, 2024, 04:53 PM IST
'മഴ പെയ്തപ്പോൾ അധ്യാപകർ വരാന്തയിലേക്ക് കയറി, മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ മാവ് വീണു'; ഒഴിവായത് വൻ ദുരന്തം

Synopsis

ക്ലസ്റ്റര്‍ പരിശീലനത്തിന് എത്തിയ അധ്യാപകരുടെ ഇരുചക്രവാഹനങ്ങളുടെ മുകളിലേക്കാണ് മാവ് വീണത്. സംഭവത്തില്‍ അഞ്ചോളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

കോഴിക്കോട്: മുക്കത്ത് ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം വീണ സംഭവത്തില്‍ നിന്ന് അധ്യാപകര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. കോഴിക്കോട് മുക്കം ഓര്‍ഫനേജ് സ്‌കൂള്‍ കോമ്പൗണ്ടിലാണ് ഇന്ന് ഉച്ചക്ക് രണ്ടോടെ മാവ് വീണത്. ഇതേ മരത്തിന്റെ കീഴില്‍ സംസാരിച്ച് കൊണ്ടിരുന്ന അധ്യാപകര്‍ മഴ പെയ്തതിനാല്‍ സ്‌കൂള്‍ വരാന്തയിലേക്ക് കയറി നിന്നതു കൊണ്ട് വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ക്ലസ്റ്റര്‍ പരിശീലനത്തിന് എത്തിയ അധ്യാപകരുടെ ഇരുചക്രവാഹനങ്ങളുടെ മുകളിലേക്കാണ് മാവ് വീണത്. സംഭവത്തില്‍ അഞ്ചോളം ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുക്കത്ത് നിന്നെത്തിയ അഗ്‌നിരക്ഷാസേന മരം മുറിച്ചു നീക്കിയാണ് ഇരുചക്രവാഹനങ്ങള്‍ പുറത്തെടുത്തത്. സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ സി. മനോജ്, സേനാംഗങ്ങളായ കെ.സി അബ്ദുല്‍ സലിം, കെ.പി അമീറുദ്ധീന്‍, വൈ.പി ഷറഫുദ്ദീന്‍, ടി.പി ഫാസില്‍ അലി, കെ.എസ് വിജയകുമാര്‍, സി.എഫ് ജോഷി എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ചു നീക്കിയത്.

അതേസമയം, സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ നാല് ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. നാളെ മുതല്‍ 21-ാം തീയതി വരെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 19ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി. 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 

'ആരംഭം 1998ൽ, ഇന്ന് 46 ലക്ഷം അംഗങ്ങൾ'; കുടുംബശ്രീക്ക് ആശംസകളുമായി മുഖ്യമന്ത്രി 
 

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം