തൃശൂരിൽ ഇനി നാടകക്കാലം, 15-ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കം

Published : Feb 23, 2025, 12:00 PM IST
തൃശൂരിൽ ഇനി നാടകക്കാലം, 15-ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കം

Synopsis

ഫെബ്രുവരി 23ന് തുടങ്ങി മാർച്ച് 2ന് അവസാനിക്കുന്ന എട്ട് ദിവസത്തെ പരിപാടിയിൽ മൂന്നു വേദികളിലായി 10 ഇന്ത്യയിൽ നാടകങ്ങളും അഞ്ച് അന്താരാഷ്ട്ര നാടകങ്ങളും ഉൾപ്പെടെ 15 നാടകങ്ങളുടെ 34 പ്രദർശനങ്ങളുണ്ടാകും. 

തൃശൂർ: കേരളത്തിന്റെ 15-ാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2025ന് ഇന്ന് തുടക്കം. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഇറ്റ്ഫോക്കിന്റെ ഈ വർഷത്തെ പ്രമേയം 'പ്രതിരോധത്തിന്റെ സംസ്കാരങ്ങൾ' എന്നതാണ്. വിവിധ സംസ്കാരങ്ങൾ കൊണ്ട് അതിജീവനത്തിനായി പ്രതിരോധം തീർക്കുന്ന മനുഷ്യരെ അടയാളപ്പെടുത്തുകയാണ് ഈ വർഷത്തെ നാടകോത്സവം. സാംസ്കാരിക വകുപ്പിനുവേണ്ടി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന നാടകോത്സവത്തിൽ മൂന്നു വേദികളിലായി 15 നാടകങ്ങളുടെ 34 പ്രദർശനം അരങ്ങേറും. മാർച്ച് രണ്ടിനാണ് നാടകോത്സവം സമാപിക്കുക. 

അക്കാദമിയിലെ തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സ്, കെ.ടി. മുഹമ്മമദ് റീജനൽ തിയറ്റർ, ആക്ടർ മുരളി തിയറ്റർ എന്നിവയും രാമനിലയം കാമ്പസ്, അക്കാദമി അങ്കണം എന്നിവയുമാണ് വേദിയാവുക. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാടക മേളയിൽ ഒന്നായ ഇറ്റ്ഫോക്കിൽ വൈവിധ്യമാർന്ന നാടകങ്ങൾ, സംഗീത - നൃത്ത പ്രകടനങ്ങൾ, പാനൽ ചർച്ചകൾ, സംവാദങ്ങൾ, ആർട്ടിസ്റ്റുകളുമായുള്ള മുഖാമുഖം എന്നിവ പ്രദർശിപ്പിക്കും. ഫെബ്രുവരി 23ന് തുടങ്ങി മാർച്ച് 2ന് അവസാനിക്കുന്ന എട്ട് ദിവസത്തെ പരിപാടിയിൽ മൂന്നു വേദികളിലായി 10 ഇന്ത്യയിൽ നാടകങ്ങളും അഞ്ച് അന്താരാഷ്ട്ര നാടകങ്ങളും ഉൾപ്പെടെ 15 നാടകങ്ങളുടെ 34 പ്രദർശനങ്ങളുണ്ടാകും. 

കെ ടി മുഹമ്മദ്  തിയറ്ററിൽ 550 പേർക്കും ബ്ലാക്ക് ബോക്സിൽ 150, ആക്ടർ മുരളി തിയറ്ററിൽ 500 എന്നിങ്ങനെയാണ് നാടകം കാണുന്നതിനായി ഇരിക്കാനുള്ള സൗകര്യം. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയുടെ നേതൃത്വത്തിൽ ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ജലീൽ ടി കുന്നത്ത്, പ്രോഗ്രാം ഓഫിസർ വി കെ അനിൽകുമാർ എന്നിവരാണ് ഇറ്റ്ഫോക് പരിപാടികൾ ഏകോപിപ്പിക്കുന്നത്. പ്രശസ്ത രംഗശിൽപ്പിയും ആർട്ടിസ്റ്റുമായ സുജാതന്റെ മേൽനോട്ടത്തിലാണ് നാടക വേദികൾ രംഗാവിഷ്ക്കാരങ്ങളുടെ ശബ്ദമായി ഉണരുന്നത്. 

ആദ്യ ദിനമായ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് 'ദി നൈറ്റ്സ്', രാത്രി 7.30ന് 'ഹയവദന' തുടങ്ങിയ നാടകങ്ങൾ അരങ്ങേറും. വൈകീട്ട് അഞ്ച് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇറ്റ്ഫോക് 2025ന്റെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി അക്കാദമി അംഗം സജു ചന്ദ്രന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന മേളം കച്ചേരിയുണ്ട്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. തെന്നിന്ത്യൻ സിനിമ-നാടക അഭിനേതാവ് നാസർ മുഖ്യാതിഥിയായിരിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, കലക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം.കെ. വർഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ്, അക്കാദമി ചെയർമാൻ, സെക്രട്ടറി എന്നിവർ പങ്കെടുക്കും. 

വൈകീട്ട് 7.30ന് ആക്ടർ മുരളി തിയറ്ററിൽ ഗിരീഷ് കർണാടകിന്‍റെ 'ഹയവദന'യാണ് ഉദ്ഘാടന അവതരണം. വൈകീട്ട് മൂന്നിന് ബ്ലാക്ക് ബോക്സിൽ അറേബ്യൻ നൈറ്റ്സിനെ അധികരിച്ച് 'ദി നൈറ്റ്സ്' എന്ന പാവകളി നാടകം അരങ്ങേറും. രാത്രി ഒമ്പതിന് അക്കാദമിക്ക് മുന്നിൽ 'ഗൗളി' ബാൻഡിന്‍റെ സംഗീതനിശയുണ്ട്. ആർട്ടിസ്റ്റ് സുജാതനാണ് രംഗപടം ഒരുക്കുന്നത്. ഇന്ത്യൻ നാടകങ്ങൾക്കു പുറമെ ഈജിപ്ത്, റഷ്യ, ഹംഗറി, ശ്രീലങ്ക, ഇറാഖ് എന്നിവിടങ്ങളിൽനിന്ന് നാടകസംഘങ്ങൾ എത്തുന്നുണ്ട്. ഡൽഹി, ബംഗളൂരു, മണിപ്പൂർ, ഗുജറാത്ത്, അസം, മുംബൈ എന്നിവിടങ്ങളിൽനിന്നും കോട്ടയം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽനിന്നുള്ള ഓരോ സംഘങ്ങളും നാടകോത്സവത്തിന്‍റെ ഭാഗമാകും. പാനൽ ചർച്ചകൾ, ദേശീയ-അന്തർദേശീയ നാടക പ്രവർത്തകരുമായി മുഖാമുഖം, സംഗീത-നൃത്ത നിശകൾ എന്നീ അനുബന്ധ പരിപാടികളുമുണ്ട്. മാർച്ച് രണ്ടു വരെ രാമനിലയം കാമ്പസിലെ ‘ഫാവോസ്’ (ഫ്രം ആഷസ് ടു ദി സ്കൈ) വേദിയിൽ രാവിലെ 11.30ന് ആർട്ടിസ്റ്റുകളുമായി മുഖാമുഖവും വ്യത്യസ്ത ദിവസങ്ങളിൽ ചർച്ചകളുമുണ്ട്. 

രാവിലെ ഒമ്പതിന് തുറക്കുന്ന കൗണ്ടറിൽനിന്ന് അന്നേ ദിവസത്തെ എല്ലാ നാടകങ്ങളുടെയും നിശ്ചിത ശതമാനം ടിക്കറ്റുകൾ വിതരണം ചെയ്യും. ബാക്കി ഓരോ നാടകത്തിന്‍റെയും ഒരു മണിക്കൂർ മുമ്പ് ലഭിക്കും. 80 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ വഴി എടുത്തവർക്ക് മെയിലായി ലഭിച്ച ടിക്കറ്റിന്‍റെ ക്യു.ആർ കോഡ് തിയറ്ററിന്‍റെ പ്രവേശനകവാടത്തിൽ സ്കാൻ ചെയ്തോ ടിക്കറ്റ് പ്രിന്‍റ് എടുത്തോ നാടകം കാണാം. ഫെസ്റ്റിവൽ ബുക്ക് ഉൾപ്പെടുന്ന കിറ്റ് കൗണ്ടറിൽ കിട്ടും. ആദിവാസി ഭക്ഷണ വിഭവങ്ങൾ അടക്കം കിട്ടുന്ന ഫുഡ് കോർട്ടും ഇവിടെ നാടകപ്രേമികൾക്കായി ഒരുങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ