
ചേർത്തല: ഹെൽത്ത് കേരള ഇൻസ്പെക്ഷന്റെ ഭാഗമായി തണ്ണീർമുക്കം സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ബീനാ ചെറിയാന്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ബോർഡ് ഇല്ലാത്ത സ്ഥാപനത്തിന് പിഴ ഈടാക്കി. വൃത്തിഹീനമായി കണ്ട ഹോട്ടൽ താൽക്കാലികമായി അടച്ചു. വൃത്തിയാക്കിയതിന് ശേഷം സ്ഥാപനം തുറന്നാൽ മതിയെന്നും നിർദ്ദേശം നൽകി.
ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ഹെൽത്ത് കാർഡ് എടുക്കണമെന്ന് കർശന നിർദേശം നൽകുകയും ചെയ്തു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ആകാശ്, ശ്രുതി, പ്രസീന, ശ്രീലത പഞ്ചായത്ത് ജെഎച്ച്ഐ വിഷ്ണു എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്ന് പുറത്തുവന്ന വാർത്ത നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധനയിലും പഴകിയ ഭക്ഷണം പിടികൂടി എന്നതാണ്. അഞ്ചു ഹോട്ടലുകള്‍ക്ക് നോട്ടീസ് നൽകിയെന്നും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. തൃശൂർ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം 34 ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അഞ്ച് ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷണം പിടികൂടിയത്. 21 ഹോട്ടലുകള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രാമവര്‍മപുരം ബേ ലീഫ്, കിഴക്കേകോട്ടയിലെ നവ്യ റസ്റ്റോറന്റ്, കൊക്കാലെയിലെ നാഷനല്‍ സ്റ്റോര്‍, അറേബ്യന്‍ ട്രീറ്റ് പൂങ്കുന്നം, കിന്‍സ് ഹോട്ടല്‍ പടിഞ്ഞാറേകോട്ട എന്നിവിടങ്ങളില്‍നിന്നാണ് പഴയ ഭക്ഷണം പിടികൂടിയത്. ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി പിഴ ഈടാക്കി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നാല് സ്‌ക്വാഡായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ആഴ്ചയില്‍ രണ്ടുദിവസം പരിശോധന നടത്തുമെന്നും മേയര്‍ എം.കെ. വര്‍ഗീസ് അറിയിച്ചു. പുകയില നിയന്ത്രണ നിയമം 2003 പ്രകാരം പൊതുസ്ഥലങ്ങളില്‍ പുകവലിച്ച ആളുകളില്‍ നിന്നും നിയമപ്രകാരമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങളില്‍നിന്നുമായി 13800 രൂപ പിഴ ഈടാക്കി. പഞ്ചായത്തീരാജ് ആക്ട് ഹരിത നിയമപ്രകാരം നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളില്‍നിന്ന് 87750 രൂപ പിഴ ചുമത്തി.