Babri Badge : വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

By Web TeamFirst Published Dec 9, 2021, 7:58 AM IST
Highlights

അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം: പത്തനംതിട്ട കോട്ടാങ്ങൽ സെന്റ് ജോർജ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ (Kerala State – Commission for Protection of Child Rights) ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്.  തിങ്കളാഴ്ച രാവിലെയാണ് ചിലര്‍ കുട്ടികൾക്ക് ബാഡ്ജ് കുത്തി നൽകിയത്. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒന്നാം പ്രതി ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബ്നു നസീര്‍, കണ്ടാലറിയാവുന്ന രണ്ട് പേരെയുമാണ് പ്രതിചേര്‍ത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ 341, 153 (എ), 34 വകുപ്പുകളാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ബിജെപി നേതാവ് പി. കെ കൃഷ്ണദാസ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന് പരാതി നല്‍കിയിരുന്നു.

നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കുട്ടികളെ ബാഡ്ജ് ധരിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും കൃഷ്ണദാസ് ആരോപിച്ചിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഓര്‍മ ദിനത്തില്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ബാഡ്ജ് വിതരണത്തെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ക്യാമ്പസ് ഫ്രണ്ടും തിരിച്ചടിച്ചിരുന്നു. 

click me!