രജിസ്ട്രേഷന് 3 ദിവസം കൂടി മാത്രം, സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷത്തിൽ പൂക്കളമൊരുക്കി സമ്മാനം നേടാം, മത്സരം 31ന്

Published : Aug 26, 2025, 03:44 PM IST
onam fest

Synopsis

ഓഗസ്റ്റ് 31ന് കനകക്കുന്നിൽ നടക്കുന്ന സംസ്ഥാനതല ഓണാഘോഷത്തിൽ പൂക്കള മത്സരം. അഞ്ച് പേരിൽ കൂടാത്ത സംഘങ്ങൾക്ക് പങ്കെടുക്കാം, മികച്ച പൂക്കളങ്ങൾക്ക് സമ്മാനങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് പൂക്കളങ്ങളൊരുക്കി വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം. ഓഗസ്ത് 31 ന്‌ കനകക്കുന്നിലാണ് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുക. ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, സ്‌കൂൾ - കോളേജുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സൗഹൃദ കൂട്ടായ്മകൾ തുടങ്ങി അഞ്ച് പേരിൽ കൂടാത്ത സംഘങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓരോ ടീമിലും കുറഞ്ഞത് രണ്ട് സ്ത്രീകളുണ്ടായിരിക്കണം. മത്സരാർഥികൾ കേരളീയ വേഷത്തിലായിരിക്കുന്നത് അഭികാമ്യം.

മികച്ച മൂന്ന് പൂക്കളങ്ങൾക്ക് സമ്മാനം ലഭിക്കും. തുടർന്നുവരുന്ന പത്ത് ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും പങ്കെടുക്കുന്നവർക്ക്‌ സർട്ടിഫിക്കറ്റുകളും നൽകും. ഇതിനായി മാർഗ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൂക്കളത്തിന്‍റെ വ്യാപ്തി പരമാവധി അഞ്ച് അടി വ്യാസത്തിൽ കവിയരുത്. പൂക്കളമൊരുക്കുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണം. പൂക്കൾ, ഇലകൾ, തണ്ടുകൾ, മൊട്ടുകൾ തുടങ്ങിയവയല്ലാത്ത കൃത്രിമ വസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല. ഓണാഘോഷം -2025 ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനാൽ പൂക്കളത്തിലോ മത്സരവേദി യിലോ മത്സരത്തിന്‍റെ ഏതെങ്കിലും ഘട്ടത്തിലോ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഉപയോഗിക്കാൻ പാടില്ല.

3 മണിക്കൂർ ആയിരിക്കും പൂക്കളം ഒരുക്കുന്നതിനുള്ള സമയം. രാവിലെ ഒമ്പതിന്‌ തുടങ്ങുന്ന മത്സരം ഉച്ചക്ക് 12 മണിക്ക് അവസാനിക്കും. മത്സരാർഥികൾ രാവിലെ 8 ന് മുമ്പായി കനകക്കുന്നിലെ വേദിയിൽ എത്തേണ്ടതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ athapookalam.kerala.gov.inഎന്ന ലിങ്ക് മുഖേന ഓഗസ്റ്റ് 29 ന്‌ മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

അതേസമയം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സംസ്ഥാനതല ഓണാഘോഷം. സെപ്റ്റംബര്‍ 9 ന് നടക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്ര മാനവീയം വീഥിയില്‍ വൈകിട്ട് അഞ്ചിന് ഫ്ളാഗ് ഓഫ് ചെയ്യും. ഘോഷയാത്ര കിഴക്കേകോട്ടയില്‍ അവസാനിക്കും. ഹരിതചട്ടത്തിന്‍റെ ഭാഗമായി ഘോഷയാത്ര കടന്നുപോകുന്ന വഴികളില്‍ ബിന്നുകളും കുടിവെള്ള കൗണ്ടറുകളും സ്ഥാപിക്കും. ഫ്ളോട്ടുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തദ്ദേശ വകുപ്പിനു കീഴിലുള്ള ക്ലീന്‍ കേരള കമ്പനിയെ പ്രയോജനപ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു. ഓണാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കുകയും ഈ പ്രദേശം ദീപങ്ങളാല്‍ അലങ്കരിക്കുകയും ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.ഘോഷയാത്ര പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ട് നടത്താന്‍ തീരുമാനം. കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങള്‍ക്കു പുറമേ വിവിധ വകുപ്പുകള്‍ തയ്യാറാക്കുന്ന ഫ്ളോട്ടുകളായിരിക്കും ഘോഷയാത്രയിലെ മുഖ്യ ആകര്‍ഷണം ഫ്ളോട്ടുകളുടെ നിര്‍മ്മാണം ഹരിതചട്ടം പാലിച്ചുകൊണ്ടായിരിക്കും. ഘോഷയാത്ര കടന്നുപോകുന്ന നഗരവീഥിയിലും പരിസരങ്ങളിലും ഹരിതചട്ടം ഉറപ്പാക്കാനും ഘോഷയാത്രാ കമ്മിറ്റി യോഗം നിര്‍ദേശിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമം, 7 പേർ പിടിയിൽ
എംഎൽഎയുടെയും കൗൺസിലറുടെയും ഓഫീസ് കെട്ടിടങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല, രണ്ടും ഒഴിപ്പിക്കണമെന്ന് സർക്കാരിന് പരാതി