
ആലപ്പുഴ: കനത്ത വെള്ളപ്പൊക്കത്തിലും മുടങ്ങാതെ സര്‍വ്വീസ് നടത്തി ഒരു നാടിന്റെ മുഴുവന്‍ പ്രിയപ്പെട്ട പൊതുഗതാഗത സംവിധാനമായി മാറിയിരിക്കുകയാണ് കെ എസ് ആര്‍ ടി സി. വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി തിരുവല്ല റോഡുകള്‍ ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സ്ഥിതി വന്നപ്പോള്‍ മാത്രം നിര്‍ത്തിവച്ച സര്‍വ്വീസുകള്‍ ഇപ്പോള്‍ വീണ്ടും ഓടിത്തുടങ്ങുകയും ചെയ്തു. ഇതിനുപുറമേയാണ് രക്ഷാപ്രവര്‍ത്തകരെ യഥാസ്ഥാനങ്ങളിലെത്തിക്കാന്‍ നടത്തിയ പ്രത്യേക സര്‍വീസുകള്‍.
മഴ തുടങ്ങിയപ്പോള്‍ തന്നെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചിരുന്നത് ആലപ്പുഴയില്‍ യാത്രക്ലേശം വര്‍ധിപ്പിച്ചിരുന്നു. ഈ സ്ഥാനത്താണ് ലാഭേച്ഛയില്ലാതെ കെ എസ് ആര്‍ ടി സി പ്രശ്‌നബാധിത റൂട്ടുകളില്‍ സ്‌പെഷ്യല്‍ സര്‍വ്വീസുകളും നടത്തിയത്. വെള്ളം കയറിയതിനാല്‍ പൂര്‍ണമായും ഒറ്റപ്പെട്ട റൂട്ടുകളില്‍ ജീവനക്കാര്‍ ഇപ്പോഴും വണ്ടിയോടിക്കുന്നതും ശ്രദ്ധേയം.
നിലവില്‍ ജില്ലയിലെ ഏഴ് ഡിപ്പോകളിലെ വിവിധ റൂട്ടുകളിലായി 226 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ചേര്‍ത്തല,ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ നിന്നായി 348 ബസുകളാണ് സര്‍വ്വീസ് നടത്തേണ്ടിയിരുന്നത്. ഇവയില്‍ 85 ബസുകള്‍ പൂര്‍ണമായും വെള്ളം കയറിയ റൂട്ടിലോടുന്നതാണ്. വെള്ളം ഇറങ്ങിയാല്‍ മാത്രമേ ഈ റോഡുകള്‍ ഉപയോഗിക്കാനാകു.
പ്രളയ ദുരന്തത്തില്‍ പൂര്‍ണമായും സര്‍വ്വീസ് മുടങ്ങിയ ചെങ്ങന്നൂരും കെ എസ് ആര്‍ ടി സിയുടെ സ്‌പെഷ്യല്‍ സര്‍വീസുകളും സാധാരണ സര്‍വീസുകളും ഓടിത്തുടങ്ങി. പന്തളം, പത്തനംതിട്ട, ഹരിപ്പാട്, മാവേലിക്കര, കായംകുളം എന്നീ പ്രദേശങ്ങളിലും വണ്ടി ഓടിത്തുടങ്ങി.
ചങ്ങനാശ്ശേരി റൂട്ടില്‍ വെള്ളക്കെട്ടായതിനാല്‍ പൂര്‍ണമായും ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല. പകരം പള്ളാതുരുത്തി വരെയാണ് സര്‍വ്വീസ്. അമ്പലപ്പുഴ തകഴി വഴി തിരുവല്ലയ്ക്കുള്ള ബസുകളും ഓടിത്തുടങ്ങി.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കോട്ടയം ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നത് കല്ലറ വഴിയായിരുന്നു.
വെള്ളമിറങ്ങിയതോടെ കോട്ടയം കുമരകം വഴിയുള്ള ഗതാഗതവും പുനസ്ഥാപിച്ചു. ആലപ്പുഴയില്‍ 98 ബസുകളാണ് ഓടേണ്ടിയിരുന്നത്. ഇവിടെ 72 ബസും ഹരിപ്പാട് 42 ബസില്‍ 35 ബസും, മാവേലിക്കരയില്‍ 39ല്‍ 30 ബസുകളും ചെങ്ങന്നൂരില്‍ 71ല്‍ 24 ബസും കായംകുളത്ത് 72ല്‍ 57 ബസും എടത്വായില്‍ 8 ബസും ചേര്‍ത്തലയില്‍ 97ല്‍ 81 ബസുകളും ഓടുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam