കെഎസ്ആര്‍ടിസിയുടെ ഇരുട്ടടി: കുട്ടനാട്ടിൽ യാത്രാ ക്ലേശം രൂക്ഷം

By Web TeamFirst Published Oct 21, 2018, 8:45 PM IST
Highlights

ബസുകൾ വൈകുന്നതിനെ ചൊല്ലി എടത്വാ -തിരുവല്ല സ്റ്റാന്റിൽ യാത്രാക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ തർക്കവുമുണ്ടാകുന്നുണ്ട്

അമ്പലപ്പുഴ: പ്രളയം ദുരിതകയത്തിലാക്കിയ കുട്ടനാട്ടുകാർക്ക് കെഎസ്ആർടിസിയുടെ ഇരുട്ടടി. കെഎസ്ആർടിസിയെ പ്രധാനമായും ആശ്രയിക്കുന്ന കുട്ടനാട്ടുകാര്‍ക്ക് യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ് കുട്ടനാടിന്റെ വിവിധ മേഖലകളിലേക്ക് സർവീസുകൾ വെട്ടികുറയ്ക്കുന്നത്.

വെളിയനാട്, കാവാലം, തകഴി, എടത്വാ, ചമ്പക്കുളം, മുട്ടാർ റൂട്ടുകളിലാണ് ഏറെ ബുദ്ധിമുട്ട്. ഇരുപത് മിനിറ്റ് ഇടവിട്ട് നടത്തിയിരുന്ന പല സർവ്വീസുകളും ഇപ്പോൾ ഒരു മണിക്കൂർ ഇടവിട്ടാണ് നടത്തുന്നത്. ബസുകൾ വൈകുന്നതിനെ ചൊല്ലി എടത്വാ -തിരുവല്ല സ്റ്റാന്റിൽ യാത്രാക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ തർക്കവുമുണ്ടാകുന്നുണ്ട്.

സർവീസുകളുടെ എണ്ണം കുറഞ്ഞത് മൂലം ബസുകളിൽ തിരക്ക് രൂക്ഷമാണ്. ആലപ്പുഴയുടെ കെഎസ് ആർടിസി അന്വേഷണ വിഭാഗത്തിൽ പലപ്പോഴും ജീവനക്കാരില്ലാത്തതും കുട്ടനാട്ട് മേഖലകളിലേക്കുള്ള യാത്രാക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

പ്രളയകാലത്ത് ആലപ്പുഴ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ഭൂരിപക്ഷം ഓർഡിനറി ബസുകളും അറ്റകുറ്റപണികൾ നേരിട്ടത് മൂലം പലപ്പോഴും യാത്രക്കിടയിൽ ബ്രേക്ക് ഡൗണായി വഴിയില്‍ കിടക്കുന്ന അവസ്ഥയുമാണ്.  

click me!