
തിരുവനന്തപുരം: കസവുസാരിയും മുല്ലപ്പൂവും ചൂടി കേരളീയ വനിതയായി മൊണാലിസ. കേരള ടൂറിസത്തിന്‍റെ ഓണം കാമ്പയിനിന്‍റെ ഭാഗമായാണ് ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രത്തെ കേരളത്തനിമയോടെ അവതരിപ്പിച്ചിട്ടുള്ളത്. കേരള ടൂറിസത്തിന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിൽ (എ ഐ) രൂപകല്‍പ്പന ചെയ്ത ചിത്രം ഉള്‍പ്പെട്ട കാമ്പയിന്‍ ഇതിനോടകം നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണക്കാലത്തെ വരവേറ്റു കൊണ്ടുള്ളതാണ് കേരള ടൂറിസത്തിന്‍റെ കാമ്പയിന്‍.
ഐക്യത്തിന്‍റെ നാടായ കേരളത്തിലേക്ക് ഓണക്കാലം ആഘോഷിക്കാന്‍ വിനോദസഞ്ചാരികളെ കാമ്പയിനിലൂടെ ക്ഷണിക്കുന്നു. ഓണാഘോഷത്തില്‍ പങ്കുചേരാനും കേരളത്തിലെ ടൂറിസം ആകര്‍ഷണങ്ങളും ഡെസ്റ്റിനേഷനുകളും ആസ്വദിക്കാനുമുള്ള അവസരമാണ് ഓണക്കാലത്ത് സഞ്ചാരികള്‍ക്ക് കൈവരുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഓണം തലമുറകളുടെയും പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും വീണ്ടെടുപ്പായി ആഘോഷിക്കപ്പെടുന്നുവെന്ന് കാമ്പയിന്‍ ഓര്‍മ്മിപ്പിക്കുന്നു. കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡിലാണ്. ഇതിനൊപ്പം വിദേശ സഞ്ചാരികളുടെ എണ്ണവും ക്രമാനുഗതമായി വര്‍ധിക്കുന്നുണ്ട്. ലോകപ്രശസ്തമായ മൊണാലിസ ചിത്രത്തെ കേരളീയചാരുതയില്‍ അവതരിപ്പിക്കുന്നതിലൂടെ വിദേശികളടക്കമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകും.
കേരള ടൂറിസത്തിന്‍റെ സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത് പതിവാണ്. ഈയിടെ തിരുവനന്തപുരത്ത് എത്തിയ ഇംഗ്ലണ്ടിന്‍റെ എഫ്-35 ബി വിമാനത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് വൈറലായിരുന്നു. മൊണാലിസ ചിത്രം ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ആഗസ്റ്റ് 21 നാണ് കേരള ടൂറിസം പേജില്‍ മൊണാലിസ ചിത്രം ഓണം കാമ്പയിനായി പോസ്റ്റ് ചെയ്ത്. യഥാര്‍ഥ മോണാലിസ ചിത്രത്തിന് ഈ ദിവസവുമായി ബന്ധമുണ്ട്. പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ നിന്ന് 1911 ആഗസ്റ്റ് 21 നാണ് മൊണാലിസ ചിത്രം കളവുപോയത്. രണ്ടുവര്‍ഷം കഴിഞ്ഞ് തിരികെ ലഭിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam