കേരള വര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാനെ അപമാനിച്ചെന്നാരോപിച്ച് പ്രിന്‍സിപ്പലിനെ ഘെരാവോ ചെയ്തു; ജോലി രാജിവച്ച് പ്രിന്‍സിപ്പല്‍

By Web TeamFirst Published Jul 11, 2019, 11:44 AM IST
Highlights

പ്രവേശന ഫീസ് അമിതമായി വാങ്ങുന്നുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഫീസ് കൂടുതല്‍ വാങ്ങുന്നത് ചോദ്യം ചെയ്ത കോളേജ് യൂണിയന്‍ ചെയര്‍മാനെ പ്രിന്‍സിപ്പല്‍ അപമാനിച്ചുവെന്ന് ആരോപിച്ച് മറ്റ് വിദ്യാര്‍ത്ഥികളും വിഷയത്തില്‍ ഇടപെട്ടുകയായിരുന്നു. 

തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ എസ്എഫ്‌ഐയുമായുള്ള തര്‍ക്കത്തെതുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡോ. ജയദേവന്‍ രാജിവച്ചു. എന്നാല്‍ കോളജിന്‍റെ ഉടമസ്ഥാവകാശമുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രിന്‍സിപ്പലിന്‍റെ രാജി സ്വീകരിച്ചിട്ടില്ല. കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനോട് തട്ടിക്കയറുകയും തുടര്‍ന്ന് തകര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. 

പ്രവേശന ഫീസ് അമിതമായി വാങ്ങുന്നുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഫീസ് കൂടുതല്‍ വാങ്ങുന്നത് ചോദ്യം ചെയ്ത കോളേജ് യൂണിയന്‍ ചെയര്‍മാനെ പ്രിന്‍സിപ്പല്‍ അപമാനിച്ചുവെന്ന് ആരോപിച്ച് മറ്റ് വിദ്യാര്‍ത്ഥികളും വിഷയത്തില്‍ ഇടപെട്ടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ കയറി മുദ്രാവാക്യം മുഴക്കി. പ്രിന്‍സിപ്പല്‍ മാപ്പ് പറയണമെന്നാവശ്യപ്പെടുകയും അദ്ദേഹത്തെ ഉപരോധിക്കുകയും ചെയ്യ്തു.  

പ്രതിഷേധത്തില്‍ അയവുവരുത്താന്‍ എസ്എഫ്‌ഐക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രിന്‍സിപ്പലിന്‍റെ രാജിയെന്നറിയുന്നു. നേരത്തെ പ്രിന്‍സിപ്പല്‍ നിയമനവും വിവാദത്തിലായിരുന്നു. ചട്ടപ്രകാരം ഡോ ടി ഡി ശോഭയാണ് കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പല്‍ പദവിയിലെത്തേണ്ടിയിരുന്നത്. ശോഭയ്ക്ക് അഞ്ച് വര്‍ഷവും ജയദേവന് എട്ട് വര്‍ഷവും സര്‍വീസ് അവശേഷിക്കുന്നുണ്ട്. 

കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ നേതാവാണ് ശോഭ. ഇക്കാരണത്താല്‍ സിപിഎം അനുകൂല അധ്യാപക സംഘടനയും ദേവസ്വം ബോര്‍ഡും കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിച്ചാണ് ഡോ. ജയദേവനെ പ്രിന്‍സിപ്പലാക്കിയതെന്നായിരുന്നു അന്നുയര്‍ന്ന ആരോപണം. പുതിയ അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന്‍റെ ഭാഗമായി ഇത് സംബന്ധിച്ച് എസ്എഫ്‌ഐക്കാര്‍ സ്ഥാപിച്ച ബോര്‍ഡ് വിവാദമായിരുന്നു.

click me!