
തിരുവനന്തപുരം: അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിജിലന്‍സിന് ചരിത്ര നേട്ടം. തുടര്‍ച്ചയായ നാല് പ്രവര്‍ത്തി ദിവസങ്ങളിലായി നാല് ട്രാപ്പ് കേസുകളെന്ന ചരിത്ര നേട്ടമാണ് സ്വന്തമാക്കിയതെന്ന് ഫേസ്ബുക്ക് പേജിലൂടെ വിജിലൻസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ സർക്കാർ ഉദ്യോഗസ്ഥരാണ് കുടുക്കിയത്. അങ്കമാലി ഓഫീസിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വില്‍സണാണ് ഏറ്റവും ഒടുവിലായി പിടികൂടിയത്. ഈ കേസോടെ തുടര്‍ച്ചയായ നാല് പ്രവര്‍ത്തി ദിവസത്തില്‍ നാല് ട്രാപ്പ് കേസ്സുകളിലായി നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങവേ കൈയ്യോടെ പിടികൂടിയെന്നാണ് വിജിലന്‍സ് അറിയിച്ചത്. തുടര്‍ച്ചയായ ട്രാപ്പ് കേസ്സുകളുടെ എണ്ണത്തില്‍ ഇത് വിജിലന്‍സിന്റെ ചരിത്ര നേട്ടമാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിജിലന്‍സിന് ചരിത്ര നേട്ടം:- തുടര്‍ച്ചയായ നാല് പ്രവര്‍ത്തി ദിവസങ്ങളിലായി നാല് ട്രാപ്പ് കേസ്സുകള്‍.
സി-ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് 15,000/- രൂപ കൈക്കൂലി വാങ്ങിയ ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ട് ഡിവിഷന്‍ നമ്പര്‍-1 അങ്കമാലി ഓഫീസിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും അങ്കമാലി സ്വദേശിയുമായ വില്‍സണ്‍.പി.എം നെ ഇന്ന് (01.12.2025) വിജിലന്‍സ് കൈയ്യോടെ പിടികൂടി. ഈ കേസോടെ തുടര്‍ച്ചയായ നാല് പ്രവര്‍ത്തി ദിവസത്തില്‍ നാല് ട്രാപ്പ് കേസ്സുകളിലായി നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങവേ വിജിലന്‍സ് കൈയ്യോടെ പിടികൂടി. തുടര്‍ച്ചയായ ട്രാപ്പ് കേസ്സുകളുടെ എണ്ണത്തില്‍ ഇത് വിജിലന്‍സിന്റെ ചരിത്ര നേട്ടമാണ്.
ഭൂമി തരം മാറ്റുന്നതിനായി 50,000/- രൂപ കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസര്‍ ഉല്ലാസ് മോന്‍ കെ.ആര്‍ നെയും, പോക്കുവരവ് ചെയ്ത് കരം തീര്‍പ്പാക്കുന്നതിനായി 5,000/- രൂപ കൈക്കൂലി വാങ്ങിയ എറണാകുളം വേങ്ങൂര്‍ വെസ്റ്റ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും വേങ്ങൂര്‍ സ്വദേശിയുമായ ജിബി മാത്യു.എം നെയും, ക്ഷേത്രത്തില്‍ നടത്തിയ പൂജകള്‍ക്ക് 5,000/- രൂപ കൈക്കൂലി വാങ്ങിയ ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂര്‍-കുന്നത്തൂര്‍ ശ്രീ. ദുര്‍ഗാ ദേവി ക്ഷേത്രത്തിലെ റിസീവറും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സബ്-ഗ്രൂപ്പ് ഓഫീസറുമായ ശ്രീനിവാസനെയും തുടര്‍ച്ചയായ ദിവസങ്ങളില്‍ വിജിലന്‍സ് കൈയ്യോടെ പിടികൂടിയിരുന്നു.
എറണാകുളം അങ്കമാലി സ്വദേശിയായ പരാതിക്കാരന്‍ ഇടമലയാര്‍ ജലസേചന പദ്ധതിക്ക് കീഴില്‍ വരുന്ന കോണ്‍ട്രാക്ട് ജോലികള്‍ ചെയ്യുന്നതിനുള്ള സി-ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സ് ലഭിക്കുന്നതിന് ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ട് ഡിവിഷന്‍ നമ്പര്‍-1, അങ്കമാലി ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയില്‍ തുടര്‍ നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഓഫീസിലെത്തി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വില്‍സണ്‍ നെ നേരില്‍ കണ്ടിരുന്നു. ഈ സമയം കോണ്‍ട്രാക്ടര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലിയായി 15,000/- രൂപ നല്‍കണമെന്നും, 01.12.2025 തീയതി ഓഫീസില്‍ നേരിട്ട് എത്തിച്ച് നല്‍കണമെന്നും വില്‍സണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ താല്‍പര്യമില്ലാത്ത പരാതിക്കാരന്‍ ഈ വിവരം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (01.12.2025) ഉച്ചയ്ക്ക് 12.35 മണിക്ക് ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ട് ഡിവിഷന്‍ നമ്പര്‍-1, അങ്കമാലി ഓഫീസില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 15,000/-രൂപ കൈക്കൂലി വാങ്ങവെ എറണാകുളം ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ട് ഡിവിഷന്‍ നമ്പര്‍-1 അങ്കമാലി ഓഫീസിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും അങ്കമാലി സ്വദേശിയുമായ വില്‍സണ്‍.പി.എം നെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
ഈ വര്‍ഷം നാളിതുവരെ 53 ട്രാപ്പ് കേസുകളില്‍ നിന്നായി ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉള്‍പ്പെടെ 71 പ്രതികളെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇതില്‍ 19 കേസുകളുള്ള റവന്യു വകുപ്പും, 10 കേസുകള്‍ ഉള്ള തദ്ദേശസ്വയംഭരണ വകുപ്പും 6 കേസുകള്‍ ഉള്ള പോലീസ് വകുപ്പുമാണ് കേസുകളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. വിദ്യാഭ്യാസ വകുപ്പിലും, കെ. എസ്. ഇ. ബി യിലും 3 വീതം കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 12 കേസുകളുമാണ് 2025-ല്‍ വിജിലന്‍സ് പിടിച്ചിട്ടുള്ളത്.
തുടര്‍ച്ചയായ പ്രവര്‍ത്തി ദിവസങ്ങളില്‍ 4 ട്രാപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്, കൈക്കൂലിക്കാരയ ഉദ്യോഗസ്ഥരെ ജയിലിലടച്ച വിജിലന്‍സ് നീക്കം കൈക്കൂലി ശീലമാക്കിയ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കുള്ള ശക്തമായ താക്കീതാകുമെന്നും, അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ നടപ്പിലാക്കാന്‍ ഈ ചരിത്ര നേട്ടം വിജിലന്‍സിന് കൂടുതല്‍ പ്രചോദനം നല്‍കുമെന്നും, അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കുന്നതിനും, പൊതു ജനങ്ങള്‍ക്ക് വിജിലന്‍സ് സംവിധാനത്തില്‍ വിശ്വാസം വര്‍ധിപ്പിക്കുന്നതിനും സഹായകരമാകുമെന്നും, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ്സ് അറിയിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യര്‍ത്ഥിച്ചു.