കുളിമുറിയിൽ അന്തിയുറങ്ങുന്ന ഗതികേട് ഇനിയില്ല; വനിതാ കമ്മിഷന്‍ ഇടപെട്ടതോടെ അമ്മയെതേടി മകന്‍റെ വിളിയെത്തി

By Web TeamFirst Published Jun 12, 2021, 10:31 PM IST
Highlights

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ സാറാമ്മ (78) എന്ന വൃദ്ധമാതാവിനാണ് ആശ്വാസം എത്തുന്നത്

കൊച്ചി: കുളിമുറിയില്‍ അന്തിയുറങ്ങേണ്ടി വന്ന പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ വൃദ്ധമാതാവിനെ വനിതാ കമ്മിഷന്‍റെ ഇടപെടലിനെത്തുടര്‍ന്ന് വിദേശത്തുള്ള മകന്‍ ഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ സൗകര്യങ്ങളും ചെലവും നല്‍കാമെന്ന് അഭിഭാഷകന്‍ മുഖേന വാഗ്ദാനം നല്‍കുകയും ചെയ്തു. മാതാവിന്‍റെ സംരക്ഷണത്തിനായി 5000 രൂപ വീട്ടുവാടകയും, പുറമേ ഹോം നഴ്സിന്‍റെ  ശമ്പളവും, പ്രതിമാസ ചെലവിനുള്ള തുകയും നല്‍കാമെന്ന് മകന്‍റെ അഭിഭാഷകന്‍ കമ്മിഷന്‍ ചുമതലപ്പെടുത്തിയ പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉറപ്പുനല്‍കി. മൂന്നുമാസത്തിനുശേഷം വിദേശത്തുനിന്ന് മകന്‍ വരുമ്പോള്‍ അമ്മയുടെ സംരക്ഷണം പൂര്‍ണമായും ഏറ്റെടുത്തുകൊള്ളാം എന്നും സമ്മതിച്ചിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ഇടത്തുരുത്ത് എട്ടാം വാര്‍ഡിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ സാറാമ്മ (78) എന്ന വൃദ്ധമാതാവിന്‍റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞയുടന്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ.ഷിജി ശിവജി സ്ഥലത്തെത്തി തെളിവെടുപ്പുനടത്തുകയും ആര്‍ഡിഒ, പൊലീസ്, പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വൃദ്ധമാതാവിന്‍റെ സംരക്ഷണത്തിന് വനിതാ കമ്മിഷന്‍റെ നിര്‍ദേശാനുസരണം വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ശില്‍പ സുധീഷ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ചാക്കപ്പന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജുപിറ്റര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈമി വര്‍ഗീസ്, കുറുപ്പുംപടി എസ്.എച്ച്.ഒ പ്രദീപ് എന്നിവരുടെ സാന്നിധ്യത്തിലാണ് വിദേശത്തുള്ള മകന്‍റെ അഡ്വക്കറ്റുമായി സംസാരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!