എത്ര രൂപയും വായ്പയെടുക്കാനും കിഫ്ബിക്ക് പ്രാപ്തിയായെന്ന് ധനമന്ത്രി

By Web TeamFirst Published Jan 31, 2020, 9:26 PM IST
Highlights

ഉത്തരമലബാറിനെ കേരളത്തിന്റെ വ്യവസായ കേന്ദ്രമാക്കി മാറ്റുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കാസർഗോഡ് ജില്ലയിലെ കിഫ്ബി പദ്ധതികളുടെ അവലോകനത്തിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം

കാസര്‍കോഡ്: എത്ര രൂപയും വായ്പ എടുക്കാനും കഴിവും പ്രാപ്തിയും ഉള്ള സ്ഥാപനാമായി കിഫ്ബി മാറിയെന്ന് ധനമന്ത്രി തോമസ് ഐസക്. ഉത്തരമലബാറിനെ കേരളത്തിന്റെ വ്യവസായ കേന്ദ്രമാക്കി മാറ്റുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കാസർഗോഡ് ജില്ലയിലെ കിഫ്ബി പദ്ധതികളുടെ അവലോകനത്തിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

കേരള സർക്കാർ കിഫ്ബിക്കായി മാറ്റിവെക്കുന്ന പണം മാത്രം മതി വായ്പ തിരിച്ചടക്കാനെന്നാണ് മന്ത്രിയുടെ വിശദീകരണം. നേരത്തെ തീരുമാനിച്ച അമ്പതിനായിരം കോടിയും കടന്ന് കിഫ്ബിക്കായി പണം അനുവദിക്കുന്നതിൽ ചിലർ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഇതിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

വേഗത്തിലുള്ള വികസന പ്രവർത്തികൾ ബജറ്റിൽ നിന്ന് പണം കണ്ടെത്താൻ കഴിയാത്തതാണ് കിഫ്ബി രൂപീകരണത്തിന് കാരണം. കേരളത്തിന്‍റെ തെക്കൻ ജില്ലകളിൽ വ്യവസായ സംരഭങ്ങൾക്ക് ഭൂമി ലഭിക്കാത്ത സാഹചര്യമുണ്ട്. മലബാറിന്റെ വികസനത്തിന് ഇതൊരവസരമാണ്. 69 പദ്ധതികൾക്കായി 2164 കോടി രൂപയാണ് കാസർഗോഡിന് അനുവദിച്ചത്. കേരളത്തിലെ യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി നല്‍കുകയാണ് കിഫ്ബിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.

സാധാരണ 10 മുതല്‍ 15 വര്‍ഷം വരെ സമയമെടുത്ത് പൂര്‍ത്തിയാകുന്ന ജോലികളാണ് നാല് വര്‍ഷം കൊണ്ട് ഇടത് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വടക്കൻ ജില്ലകൾ അവഗണിക്കപ്പെടുന്നുവെന്ന പരാതി എല്ലാ കാലത്തും ഉണ്ടായിട്ടുള്ളതാണ്. ഇടത് സ‍ര്‍ക്കാര്‍ ആ വിവേചനം കാട്ടിയിട്ടില്ല.

കേരളത്തിലങ്ങോളമിങ്ങോളം എല്ലാ നാടുകളിലും ഒരേ പോലെയാണ് വികസന പ്രവര്‍ത്തനങ്ങൾ നടപ്പിലാക്കിയത്. വികസനം എന്നാൽ വമ്പൻ പദ്ധതികള്‍ മാത്രമല്ല. സമൂഹത്തിലെ എല്ലാ തട്ടിലെയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

click me!