നിര്‍ത്തിയിട്ട കാറിനുള്ളില്‍ അനക്കം, 30 കിലോ തൂക്കമുള്ള വമ്പന്‍ രാജവെമ്പാല; വനംവകുപ്പെത്തി പിടികൂടി

By Web TeamFirst Published Jan 8, 2023, 11:10 AM IST
Highlights

പുറത്ത് ബഹളം കേട്ടതോടെ പാമ്പ് സീറ്റിന് പുറത്തേക്ക് എത്തി. ഇതോടെയാണ് വമ്പന്‍ രാജ വെമ്പാലയാണ് കാറിനുള്ളിലുള്ളതെന്ന് വീട്ടുകാര്‍ മനസിലാക്കിയത്.

പാലക്കാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ വമ്പന്‍ രാജ വെമ്പാല. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് രാജവെമ്പാല കയറിക്കൂടിയത്. ഒടുവില്‍ വനപാലക സംഘമെത്തി രാജ വെമ്പാലയെ പിടികൂടി.  10 വയസ്സ് പ്രായവും 30 കിലോയോളം തൂക്കവുമുള്ള ആൺ രാജവെമ്പാലയാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ കയറിക്കൂടിയത്. 

കഴിഞ്ഞ രണ്ടു ദിവസമായി കാര്‍ ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെ കാറിനുള്ളില്‍നിന്ന് ഒരനക്കം തോന്നിയ   കുഞ്ഞുമോന്‍ പരിശോധന നടത്തിയപ്പോഴാണ് കാറിനുള്ളില്‍ കയറിക്കൂടിയ വിരുതനെ കണ്ടത്. ആദ്യം ചെറിയ പാമ്പാണെന്നാണ് കരുതിയത്. പുറത്ത് ബഹളം കേട്ടതോടെ പാമ്പ് സീറ്റിന് പുറത്തേക്ക് എത്തി. ഇതോടെയാണ് വമ്പന്‍ രാജ വെമ്പാലയാണ് കാറിനുള്ളിലുള്ളതെന്ന് വീട്ടുകാര്‍ മനസിലാക്കിയത്.

 കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കാതെ വീട്ടുകാരെ നാട്ടുകാരെയും രാജവെമ്പാല ഭീതിയിലാഴ്ത്തി. ആദ്യം കാറിന്റെ ഡോറുകള്‍ തുറന്നു നല്‍കിയെങ്കിലും പാമ്പ് പുറത്തുകടന്നില്ല. ഒടുവിൽ വീട്ടുകാര്‍ വിവരം വനം വകുപ്പിനെ അറിയിച്ചു. വിവരമറിഞ്ഞ് എത്തിയ  വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സലിം, ബീറ്റ് ഫോറസ്റ്റ് സുനിൽ, അപ്പുക്കുട്ടൻ, എന്നിവരുടെ നേതൃത്വത്തിൽ വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലിയാണ് രാജവെമ്പാലയെ പിടികൂടിയത്. കാറിന്‍റെ മുന്‍വശത്തെ ഡോറുകള്‍ തുറന്ന് ശാസ്ത്രീയമായാണ് പാമ്പിനെ പിടികൂടിയത്. 

Read More : 'അരിയാണ് സാറെ ഇവന്‍റെ വീക്ക്‌നെസ്'; ഗൂഢല്ലൂരിന്‍റെ 'അരസിരാജ' കൊലയാളി ആനയായത് ഇങ്ങനെ...

 

click me!