Asianet News MalayalamAsianet News Malayalam

'അരിയാണ് സാറെ ഇവന്‍റെ വീക്ക്‌നെസ്'; ഗൂഢല്ലൂരിന്‍റെ 'അരസിരാജ' കൊലയാളി ആനയായത് ഇങ്ങനെ...

അരി തിന്നാനായി പത്തു വയസ്സിനിടെ ഈ ആന ഗൂഡല്ലൂര്‍ മേഖലയില്‍ നിരവധി വീടുകള്‍ അക്രമിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. ഇത്തരത്തില്‍ ആക്രമിക്കുന്നതിനിടെയാണ് കഴിഞ്ഞമാസം ഒരു സ്ത്രീ വീട് തകര്‍ന്നുവീണ് മരിച്ചത്.

Wayanad wild elephant arasiraja story
Author
First Published Jan 8, 2023, 10:04 AM IST

കല്‍പ്പറ്റ: 'അരി കണ്ടാല്‍ അവനെന്ത് ചെയ്തു കളയുമെന്ന് പറയാന്‍ പറ്റില്ല, വീടുകള്‍ വരെ ആക്രമിക്കും'. സുല്‍ത്താന്‍ബത്തേരി നഗരത്തിലിറങ്ങി ഭീതി വിതച്ച പി.എം-രണ്ട് എന്ന് വനംവകുപ്പ് റെക്കോര്‍ഡ് ചെയ്ത കാട്ടാനയെ കുറിച്ച് ഡൂഢല്ലൂര്‍കാര്‍ സംസാരിക്കുന്നത് ഭീതിയോടെയാണ്. അരി ആര്‍ത്തിയോടെ അകത്താക്കുന്നത് കൊണ്ട് തന്നെയാണ് തമിഴ്‌നാട്ടില്‍ ആനക്ക് 'അരസിരാജ' എന്ന പേര് നാട്ടുകാരിട്ടത്. അരി തിന്നാനായി പത്തു വയസ്സിനിടെ ഈ ആന ഗൂഡല്ലൂര്‍ മേഖലയില്‍ നിരവധി വീടുകള്‍ അക്രമിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. 

ഇത്തരത്തില്‍ ആക്രമിക്കുന്നതിനിടെയാണ് കഴിഞ്ഞമാസം ഒരു സ്ത്രീ വീട് തകര്‍ന്നുവീണ് മരിച്ചത്. മറ്റൊരു സ്ത്രീ ആനയുടെ ചവിട്ടേറ്റും മരിച്ചിരുന്നു. 'അരസിരാജ' പന്തല്ലൂര്‍ മേഖലയില്‍ സ്ഥിരം ഭീഷണിയായി തീര്‍ന്നതോടെയാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടി റേഡിയോകോളര്‍ ഘടിപ്പിച്ച് വിട്ടത്. മുതുമല വനത്തില്‍  തുറന്നുവിട്ട ആന പിന്നീട് മറ്റു ജനവാസ മേഖലകള്‍ തേടുകയായിരുന്നു. ഒരു മാസം മുന്‍പ് വനത്തിനുള്ളിലൂടെ യാത്രതുടങ്ങിയ 'അരസിരാജ' 170 കിലോമീറ്റര്‍ താണ്ടിയാണ് കേരളത്തിലെ വനമേഖലയിലും പിന്നീട് ബത്തേരിയിലുമെത്തിയത്. 

പ്രശ്‌നക്കാരനായ പി.എം-രണ്ട് കേരള വനത്തിലേക്ക് എത്തിയിട്ടുണ്ടെന്ന വിവരം വനംവകുപ്പിന് രണ്ടാഴ്ചമുന്‍പ് ലഭിച്ചിരുന്നു. തുടര്‍ന്ന് വാച്ചര്‍മാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആനയെ തിരികെ തമിഴ്‌നാട് വനത്തിലേക്ക് തുരത്തിയോടിക്കാന്‍ ശ്രമം നടത്തിയിരുന്നു. മുതുമല വന്യജീവിസങ്കേതത്തിലെ സത്യമംഗലം വനത്തില്‍നിന്ന് പുറപ്പെട്ട് ബന്ദിപ്പൂര്‍ ഫോറസ്റ്റിലൂടെ കേരള അതിര്‍ത്തി കടന്ന് ആദ്യം കുപ്പാടിയിലെത്തി. പിന്നീട് കുറിച്യാട് ഫോറസ്റ്റ് റേഞ്ചിലേക്ക് പ്രവേശിച്ചു. മൂന്നുദിവസം കുറിച്യാട് മേഖലയിലുണ്ടായിരുന്നതായി വനംവകുപ്പ് പറയുന്നു. കട്ടയാട് വനത്തില്‍ നിന്നുമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സുല്‍ത്താന്‍ബത്തേരി ടൗണിലേക്ക് കടന്നതും നഗരത്തിലൂടെ നടന്നുപോവുകയായിരുന്ന സുബൈര്‍കുട്ടിയെ ആക്രമിക്കുന്നതും. 

Wayanad wild elephant arasiraja story

ബത്തേരി നഗരത്തിലെ തന്നെ ഒരു ജൂവലറിയുടെ മതിലും ആന തകര്‍ത്തിരുന്നു. അക്രമത്തിനുശേഷം വീണ്ടും വനത്തിനുള്ളിലൂടെ താഴെ കുപ്പാടിക്ക് സമീപത്തെത്തി. വൈകീട്ട് കട്ടയാട്ട് വനത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു റിസോര്‍ട്ടിന്റെ നാനൂറുമീറ്ററോളം അടുത്തെത്തി. ഇപ്പോള്‍ ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞ ആന കഴിഞ്ഞ ദിവസങ്ങളില്‍ ചപ്പകൊല്ലിയിലും കട്ടയാട്ട് വനത്തിനുള്ളിലുമായി കറങ്ങി നടക്കുകയായിരുന്നു. മയക്കുവെടി വെക്കാനുള്ള ഉത്തരവ് വന്നതോടെ 'അരസിരാജ'യുടെ ജനവാസ മേഖലയിലേക്കുള്ള വരവും കാത്തിരിക്കുകയാണ് ദൗത്യസംഘം. 

പുലര്‍ നേരങ്ങളില്‍ നാട്ടിലേക്കിറങ്ങുന്ന ശീലമുള്ള ആനയെ അധികം ഉള്‍ക്കാട്ടിലല്ലാതെ വെടിവെച്ചിടാനാണ് തീരുമാനം. റേഡിയോ കോളര്‍ ഘടിപ്പിച്ചതുകൊണ്ട് ആനയുടെ നീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുമെന്നതാണ് ആശ്വാസം. മയക്കുവെടിവെച്ച് പിടികൂടിയാല്‍ നേരെ മുത്തങ്ങ ആനപന്തിയിലേക്ക് കൊണ്ടുവരും. ഇവിടെ ഒരുക്കിയിട്ടുള്ള കൊട്ടിലില്‍ തളച്ച ശേഷം ചട്ടം പഠിപ്പിച്ച് കുങ്കിയാന ആക്കി മാറ്റാനാണ് തീരുമാനം. 

Read More : പി ടി സെവന്‍റെ ശൌര്യമൊതുക്കാന്‍ യൂക്കാലിപ്റ്റ്സ് കൂട്

അതിനിടെ റെയില്‍വെ ഫെന്‍സിങ് സ്ഥാപിച്ചിട്ടും ആനയെങ്ങനെ ജനവാസമേഖലയിലേക്ക് കടന്നുവെന്ന സംശയം ജനങ്ങള്‍ക്കുണ്ടായിരുന്നു. കട്ടയാട് ഭാഗത്താണ് കാട്ടാന ഇറങ്ങിയത്. കട്ടയാട് വനാതിര്‍ത്തിയില്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിച്ച ഭാഗത്ത് മഴവെള്ളപ്പാച്ചിലിലുണ്ടായ കിടങ്ങിലൂടെ ഊര്‍ന്നിറങ്ങിയാണ് അരസിരാജ ജനവാസകേന്ദ്രത്തിലും പിന്നീട് സുല്‍ത്താന്‍ബത്തേരി ടൗണിലും എത്തിയതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍.

Read More : കാട്ടാനയെ മയക്കുവെടി വെക്കല്‍: ഉത്തരവ് വൈകിയതെന്ത്? ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടി മന്ത്രി
 

Follow Us:
Download App:
  • android
  • ios