
കണ്ണൂർ: 'മൈ ലൈഫ് ആസ് എ കോമറേഡ്' പുസ്തകവുമായി ബന്ധപ്പെട്ട കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി രചയിതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ രംഗത്ത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റി അധികൃതരെ വിളിച്ച് സംഭവം അന്വേഷിച്ചെന്നും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികവായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തിലാണ് ഈ പുസ്‌കതത്തിന്റെ പേരുകൂടി ചേര്‍ത്തതാണെന്നുമാണ് യൂണിവേഴ്സിറ്റി അധികൃതരില്‍ നിന്നും ലഭിച്ച മറുപടിയെന്നും ശൈലജ വ്യക്തമാക്കി.
ഏത് വിഭാഗത്തിലായാലും പുസ്തകം ഉള്‍പ്പെടുത്തുന്നതിന് എനിക്ക് താല്‍പര്യമില്ലെന്ന് സര്‍വകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ശൈലജ വിവരിച്ചു. ഇത്തരത്തില്‍ തന്റെ പുസ്തകത്തിന്റെ പേര് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് തന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. താല്‍പര്യമുള്ളവര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പുസ്തകം വായിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടെന്നും വാങ്ങിവായിക്കുന്നുണ്ടെന്നും, തികച്ചും രാഷ്ട്രീയ പ്രേരിതമായി കാര്യങ്ങള്‍ കാണുന്നതുകൊണ്ടാവാം ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായതെന്നും, ഇത് എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഒരു ജീവചരിത്രം എന്ന നിലയിലല്ല എന്റെ ഓര്‍മകുറിപ്പുകള്‍ എന്ന നിലയിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്റെ കുട്ടിക്കാലത്ത് അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍ അനാചാരങ്ങളുടെയും എന്റെ അമ്മയും അമ്മമ്മയുമെല്ലാം അടങ്ങിയ തലമുറ അനുഭവിച്ച വിവേചനങ്ങളുടെയും അനുഭവകഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഈ വിവേചനങ്ങളെകുറിച്ച് പുതിയ തലമുറ അറിയണമെന്നതിനാലാണ് അമ്മമ്മയും അമ്മാവന്‍മാരുമെല്ലാം അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചും അന്നത്തെ സമൂഹം നടത്തിയ പോരാട്ടങ്ങളെകുറിച്ചും പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിച്ചതെന്നും ശൈലജ വിവരിച്ചു. കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ തൊട്ടുകൂടായ്മയ്ക്കെതിരായി നടത്തിയ സമരങ്ങളും വസൂരി പോലുള്ള മാരക രോഗങ്ങള്‍ ഭേദമാക്കാന്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നതാണ് ആദ്യഭാഗം. കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ തൊട്ടുകൂടായ്മയ്‌ക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളും പുസ്തകത്തിന്റെ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തി.
രണ്ടാമത്തെ ഭാഗത്ത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ വികാസവും ഞാന്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് എനിക്കുണഅടായ അനുഭവവും, പകര്‍ച്ചവ്യാധികള്‍ക്കും ആരോഗ്യ മേഖലയില്‍ വരുന്ന മറ്റ് ഭീഷണികള്‍ക്കും എതിരെ നാം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനുഭവവും, നിപ്പയും കൊവിഡും മറ്റ് പകര്‍ച്ചവ്യാധികളുമെല്ലാം നേരിടാന്‍ കേരളത്തിലെ ജനത ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളുമാണ് പ്രതിപാതിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam