
കൊച്ചി: കൊച്ചിയിലെ കോപ്പർ സ്ട്രിപ് മോഷണ പരമ്പരയ്ക്ക് പിന്നിലെ കള്ളനെ പൊലീസ് പിടികൂടി. അസം നാഗാവോൺ സ്വദേശി നബി ഹുസൈൻ (21) ആണ് പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായത്. തൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിലും ബഹുനില കെട്ടിടങ്ങളിലും എർത്തിംഗിനായി സ്ഥാപിച്ച കോപ്പർ സ്ട്രിപ്പ് മോഷ്ടിച്ച ഇയാൾ ചളിക്കവട്ടത്തെ ടെക്സ്റ്റൈൽ കടയിൽ നിന്ന് കോപ്പർ സ്ട്രിപ് മോഷ്ടിച്ച കേസിലാണ് പിടിയിലായത്.
എറണാകുളം വൈറ്റില ചളിക്കവട്ടത്ത് പ്രവർത്തിക്കുന്ന പ്രമുഖ വസ്ത്രവ്യാപാര ശാലയിലാണ് മോഷണം നടന്നതെന്ന് പൊലീസ് പറയുന്നു. ഒരു ലക്ഷത്തിലധികം വില വരുന്ന 100 കിലോയോളം കോപ്പർ സ്ട്രിപ്പുകളാണ് മോഷണം പോയത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മോഷണം നടന്നതെന്ന് സ്ഥാപനത്തിലെ മാനേജർ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പൊലീസ് നബി ഹുസൈൻ ഒറ്റയ്ക്കാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി.
കൊച്ചി നഗരത്തിലെ വിവിധ ഫ്ലാറ്റുകളിലും ബഹു നില കെട്ടിടങ്ങളിലും എർത്തിംഗിനായി സ്ഥാപിച്ചിരിക്കുന്ന കോപ്പർ സ്ട്രിപ്പുകൾ പ്രതി നേരത്തെ മോഷ്ടിച്ചതായും പൊലീസ് പറയുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി 300 ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. ആദ്യം പെരുമ്പാവൂരിൽ താമസിച്ചുവന്ന പ്രതി പിന്നീട് ആലുവ കമ്പനിപ്പടിയിലേക്ക് താമസം മാറ്റിയിരുന്നു. നഗരത്തിൽ നിന്ന് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതാണ് ഇയാളുടെ ജോലി. ഇതിലൂടെ വഴി മനസിലാക്കിയ പ്രതി മോഷണം നടത്താനുള്ള സ്ഥലങ്ങൾ നോക്കി വച്ച് രാത്രിയെത്തും.
കെട്ടിടങ്ങളിൽ ഇലക്ട്രിക് പവർ യൂണിറ്റുകളിൽ എർത്തിംഗിനായി ഉപയോഗിക്കുന്ന കോപ്പർ സ്ട്രിപ്പുകൾ ബാഗിൽ കരുതിയിരിക്കുന്ന ടൂൾസ് ഉപയോഗിച്ച അഴിച്ചെടുത്ത് ബാഗിലാക്കി കടത്തികൊണ്ടുപോകുന്നതാണ് ഇയാളുടെ പീതി. വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും പല തവണകളിലായാണ് പ്രതി മോഷണ മുതൽ കടത്തിയത്. ഇതിൻ്റെ കുറച്ചു ഭാഗം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
എറണാകുളം എസിപി പി രാജ്‌കുമാറിന്റെ നിർദേശ പ്രകാരം പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രൂപേഷ് കെആറിൻറെ നേതൃത്വത്തിൽ മോഷണ കേസിലേക്ക് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ മിഥുൻ മോഹൻ, സാബു എസ്സ്. എ എസ്സ് ഐ മാരായ ഇഗ്നേഷ്യസ് പി എ. ഷാനിവാസ് ടി എം, SCPO മാരായ അരുൺ.ജി, ജോസി കെ.പി, അഖിൽ പത്മൻ, പ്രശാന്ത് പി, മനൂബ് പി എം അനീഷ് എൻ എ. CPO മാരായ സൂരജ് ,സിവിൻ വില്യംസ്, സോമനാഥ്, ശ്രീക്കുട്ടൻ, അഭിലാഷ്.വി, എൻ.പ്രവീൺ കുമാർ എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam