
കൊച്ചി: കൊച്ചി കോതമംഗലത്ത് യു പി സ്വദേശിയായ ആറ് വയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ്മോർട്ടം നിഗമനം ശരിയാണെന്നാണ് പൊലീസിന്‍റെയും കണ്ടെത്തൽ. മരിച്ച കുട്ടിയുടെ രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിൽ രണ്ടാനമ്മയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. കുട്ടിയുടെ പിതാവിന് കൊലപാതക വിവരം അറിയില്ലായിരുന്നു എന്ന നിഗമനത്തിലുമാണ് പൊലീസ്. റൂറൽ എസ് പി വൈഭവ് സക്സേന ഇരുവരെയും വീണ്ടും വിശദമായി ചോദ്യം ചെയ്യുകയാണ്. ശേഷമാകും ഇക്കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനത്തിലെത്തുക.
കോതമംഗലം നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന യു പി സ്വദേശിയായ അജാസ് ഖാൻ്റെ മകൾ ആറ് വയസുള്ള മുസ്കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. കുട്ടി മരിച്ചുകിടക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന് പിന്നാലെയാണ് പോസ്റ്റ് മോർട്ടം നടത്തിയത്. ആറു വയസ്സുകാരിയുടെ മരണം കൊലപാതകമാണോയെന്ന സംശയമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടികാട്ടിയത്. ഇതോടെയാണ് കൊലപാതക സാധ്യതയെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയത്. രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാനമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വെണ്ണലയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചിട്ട സംഭവത്തിൽ കൊലപാതക സാധ്യത പൊലീസ് പ്രാഥമികമായി തള്ളി എന്നതാണ്. കൊലപാതകം എന്ന് സംശയിപ്പിക്കുന്ന ഒന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ആന്തരിക അവയവങ്ങളുടെ വിശദമായ പരിശോധനാ റിപ്പോർട്ട് വന്നശേഷം മാത്രം അന്തിമ നിഗമനം എന്നും പോലീസ് കൂട്ടിച്ചേർത്തു. രാവിലെ കസ്റ്റഡിയിലെടുത്ത മകൻ പ്രദീപിനെ മോചിപ്പിക്കും. പിന്നീട് കൂടുതൽ തെളിവുകൾ കിട്ടിയാൽ മാത്രം തുടർനടപടിയെന്നു പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam