
കൊച്ചി: കണ്ടെയ്നർ റോഡിൽ അപകടാവസ്ഥയിലായ പാലങ്ങളിൽ അടുത്ത ആഴ്ച മുതൽ അറ്റകുറ്റപ്പണിയെന്ന് ദേശീയപാത അതോറിറ്റി. വിദഗ്ധരുടെ മേൽനോട്ടത്തിലായിരിക്കും ജോലികൾ. ഒരു മാസത്തിനകം ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
കണ്ടെയ്നർ റോഡിലെ മൂലമ്പള്ളി കോതാട് പാലത്തിൽ പരിശോധനകൾ പൂർത്തിയായി. പാലത്തിന്റെ തൂണുകളിൽ കോൺക്രീറ്റിങ് അടക്കം അറ്റകുറ്റപണികൾ അടുത്ത ആഴ്ച മുതൽ തുടങ്ങാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ഗുരുതര പ്രശ്നങ്ങൾ ഉള്ള തൂണുകളിൽ എല്ലാം എഞ്ചിനിയർമാരുടെ സാന്നിധ്യത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കും. തുടർന്ന് എല്ലാ തൂണുകളും ബലപ്പെടുത്തും. മൂലമ്പള്ളി കോതാട് പാലാത്തിന്റെ പണി പൂർത്തിയായ ശേഷമായിരിക്കും മുളവുകാട് പാലത്തിലെ ജോലികൾ തുടങ്ങുക. താരതമ്യേന ചെറിയ പാലമാണ് ഇത്.
അറ്റകുറ്റ പണികൾ പൂർത്തിയായി പരിശോധനയ്ക്ക് ശേഷം മാത്രമേ പാലത്തിലൂടെ ഗതാഗതം സാധാരണ നിലയിലാകൂ. നിലവിൽ പാലത്തിലൂടെ ഒറ്റവരി ഗതാഗതമാണ് ക്രമീകരിച്ചിരിക്കുന്നത്. മാധ്യമ വാർത്തകൾക്ക് പിന്നാലെ പാലത്തിൽ അടിയന്തര പരിശോധനക്ക് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ ഉത്തരവിട്ടിരുന്നു. കണ്ടെയ്നർ റോഡ് ദേശീയ പാതയിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വാഴ്ച ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കാൻ കോൺഗ്രസ് പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam