കൊച്ചി - മധുര ബന്ധിപ്പിയ്ക്കുന്ന നെടുങ്കണ്ടം- തേവാരംമെട്ട് - തേവാരം റോഡിന് വീണ്ടും സാധ്യത

By Web TeamFirst Published Oct 14, 2020, 8:33 PM IST
Highlights

ഹൈറേഞ്ചിലെ കുടിയേറ്റ കാലത്ത് ഏറെ സജീവമായിരുന്ന പാതയാണ് നെടുങ്കണ്ടത്തിന് സമീപം തേവാരംമെട്ടില്‍ നിന്നും തേവാരത്തേയ്ക്കുള്ളത്...
 

ഇടുക്കി: ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചിയേയും മധുരയേയും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിയ്ക്കുന്ന നെടുങ്കണ്ടം- തേവാരംമെട്ട്- തേവാരം റോഡിന് വീണ്ടും സാധ്യത തെളിയുന്നു. തമിഴ്നാടിന്റെ ഭാഗമായ മൂന്നര കിലോമീറ്ററോളം റോഡ് ഗതാഗത യോഗ്യമാക്കിയാല്‍ പാത പുനരുജ്ജീവിപ്പിയ്ക്കാനാവും. ശബരി മല തീര്‍ത്ഥാടകര്‍ക്കും, തമിഴ്നാട്ടില്‍ നിന്നെത്തുന്ന തോട്ടം തൊഴിലാളികള്‍ക്കും ഏറെ ഉപകാര പ്രദമാകുന്ന പാതയാണിത്.

ഹൈറേഞ്ചിലെ കുടിയേറ്റ കാലത്ത് ഏറെ സജീവമായിരുന്ന പാതയാണ് നെടുങ്കണ്ടത്തിന് സമീപം തേവാരംമെട്ടില്‍ നിന്നും തേവാരത്തേയ്ക്കുള്ളത്. മുമ്പ് ചരക്കുനീക്കം വരെ നടന്നിരുന്ന പാത തമിഴ്നാട് അടയ്ക്കുകയായിരുന്നു. 2018ല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി പാത പുനരുജ്ജീവിപ്പിയ്ക്കാന്‍ പദ്ധതി ഒരുക്കിയിരുന്നു. ആറര കോടി രൂപ മുടക്കി തമിഴ്നാട് പൊതു മരാമത്ത് വകുപ്പ് സാധ്യത പഠനം നടത്തുകയും 25 കോടിയുടെ എസ്റ്റിമേറ്റ് ദേശിയ പാതാ വിഭാഗത്തിന് കൈമാറുകയും ചെയ്തു. 

എന്നാല്‍ തമിഴ്നാട് വനം വകുപ്പ് പദ്ധതിയ്ക്ക അനുമതി നല്‍കിയില്ല. ഹൈറേഞ്ചിലെ മറ്റ് അന്തര്‍ സംസ്ഥാന പാതകളെ അപേക്ഷിച്ച്, കുറഞ്ഞ ദൂരത്തില്‍ തമിഴ്നാട്ടിലെ താഴ്‌വാരത്തില്‍ എത്താമെന്നതാണ് ഈ പാതയുടെ പ്രത്യേകത. മുമ്പ് ജീപ്പ് റോഡ് ഉണ്ടായിരുന്ന പാത ഇന്ന് കുറ്റികാടുകള്‍ കയറിയ നിലയിലാണ്. റോഡ് യാഥാര്‍ത്ഥ്യമായാല്‍ കൊച്ചിയും മധുരയും തമ്മിലുള്ള റോഡ് ഗതാഗതം കുറഞ്ഞ ദൂരത്തില്‍ സാധ്യമാകും. 

ഉടുമ്പന്‍ചോലയിലെ ഏലമലക്കാടുകളില്‍ ദിവസേന ജോലിയ്ക്കെത്തുന്ന പതിനായിരകണക്കിന് തമിഴ് തൊഴിലാളികള്‍, ശബരിമല തീര്‍ത്ഥാടകര്‍, എന്നിവര്‍ക്ക് ഗുണകരമാകും. നെടുങ്കണ്ടത്ത് നിന്നും തേനി, മധുര മെഡിക്കല്‍ കോളജുകളിലേയ്ക്കുള്ള ദൂരം 30 കിലോമീറ്ററോളം ലാഭിയ്ക്കാം. റോഡ് യഥാര്‍ത്ഥ്യമാക്കാന്‍ തേനി എംപി പി. രവീന്ദ്രനാഥ് സഹായം വാഗ്ദാനം ചെയ്തതായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് അറിയിച്ചു.

click me!