
കൊച്ചി: കൊച്ചി നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആരംഭിച്ച ഇലക്ട്രിക് ഫീഡർ ബസ് സർവീസ് 'മെട്രോ കണക്ട്' വിജയകരമായ ഒരു വർഷം പൂർത്തിയാക്കുന്നു. 2025 ജനുവരി 15-ന് ആരംഭിച്ച ഈ സേവനം, ഒരു വർഷത്തിനുള്ളിൽ 14 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ച് നഗരഗതാഗതത്തിൽ പുതിയ മാതൃക സൃഷ്ടിച്ചു.
മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കാൻ തുടങ്ങിയ ഈ പദ്ധതി പ്രവാസികളും വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ള സാധാരണക്കാരായ യാത്രക്കാരുടെ പ്രിയപ്പെട്ട സേവനമായി മാറി. ഒരു വർഷത്തിനുള്ളിൽ 14 ലക്ഷം പേർ സേവനം പ്രയോജനപ്പെടുത്തി. 15 ഇലക്ട്രിക് ബസുകൾ ആറ് റൂട്ടുകളിലായി 7 ലക്ഷം കിലോമീറ്റർ പിന്നിട്ടു. ആലുവ -സിയാൽ എയർപോർട്ട് റൂട്ടാണ് ഏറ്റവും കൂടുതൽ വരുമാനം നൽകിയത്. മെഡിക്കൽ കോളേജ്, ഹൈക്കോടതി സർക്കുലർ, പനമ്പിള്ളി നഗർ റൂട്ടുകളും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഫ്രഞ്ച് ഏജൻസിയായ എഎഫ്‌ഡിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കിയ ഈ പദ്ധതി പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാണ്. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആധുനിക ഡാറ്റ അനാലിറ്റിക്സ് പ്ലാറ്റ്‌ഫോം സജ്ജമാക്കി. ഇതിലൂടെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും 15 ശതമാനം വളർച്ചയുണ്ടായി. റോഡ് സുരക്ഷയും മാന്യമായ പെരുമാറ്റവും ഉറപ്പാക്കാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. നന്നായി ആസൂത്രണം ചെയ്ത ഇലക്ട്രിക് ഫീഡർ സംവിധാനത്തിന് പൊതുഗതാഗത ഉപയോഗം വർദ്ധിപ്പിക്കാനും സുസ്ഥിര വികസനത്തിന് പിന്തുണ നൽകാനും കഴിയുമെന്ന് ഈ വിജയം തെളിയിക്കുന്നുവെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. റിയൽടൈം ലൈവ് ലൊക്കേഷൻ അടിസ്ഥാനമാക്കി ബസുകൾ എവിടെയെത്തിയെന്ന് യാത്രക്കാർക്ക് തത്സമയം അറിയാൻ സാധിക്കും. ബസിനുള്ളിൽ ലൈവ് ന്യൂസും വിവരങ്ങളും നൽകുന്ന സംവിധാനം വരും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തോടൊപ്പം ഫീഡർ ശൃംഖലയും കൂടുതൽ ശക്തിപ്പെടുത്തും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam