കൊച്ചി മെട്രോയുടെ സര്‍ക്കുലര്‍ ഇ ബസ് ഹിറ്റോ ഹിറ്റ്; പ്രിയമേറെ സ്ത്രീകൾക്ക്, ദേശീയ ട്രെൻഡുകൾ മറികടന്ന് പുതു ചരിത്രം

Published : Sep 01, 2025, 02:57 PM IST
Kochi metro bus

Synopsis

കൊച്ചി മെട്രോയുടെ എംജി റോഡ്-ഹൈക്കോടതി റൂട്ടിലെ സർക്കുലർ ഇലക്ട്രിക് ബസ് സർവീസിന് സ്ത്രീകളുടെ ഇടയിൽ വൻ സ്വീകാര്യത.

കൊച്ചി: എംജി റോഡ്-ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ആരംഭിച്ച സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് റൂട്ടിന് സ്ത്രീകളുടെ ഇടയില്‍ വന്‍ സ്വീകാര്യത. കൊച്ചിയുടെ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഈ സര്‍ക്കുലര്‍ റൂട്ടില്‍ പതിവായി യാത്രചെയ്യുന്നവരില്‍ പകുതിയിലേറെയും സ്ത്രീ യാത്രക്കാര്‍. ഈ റൂട്ടിലെ യാത്രക്കാരുടെ ശരാശരി പ്രായം 37. കോഴിക്കോട് എന്‍.ഐ.റ്റി വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. ഈ റൂട്ടിലെ യാത്രക്കാരില്‍ 51 ശതമാനമാണ് സ്ത്രീകള്‍. യാത്രക്കാരില്‍ 49 ശതമാനമാണ് പുരുഷന്മാര്‍. ദേശീയതലത്തിലുള്ള ട്രെന്‍ഡില്‍ നിന്ന് വ്യത്യസ്തമാണ് കൊച്ചിയിലെ ഇലക്ട്രിക് ബസ് യാത്രാ ചരിത്രം. ഇത്തരം സര്‍വ്വീസുകളിലെ സ്ത്രീ യാത്രക്കാരുടെ ദേശീയ ശരാശരി 20 മുതല്‍ 30 ശതമാനം വരെ ആണെന്നിരിക്കേയാണ് കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സര്‍വ്വീസ് തികച്ചും വ്യത്യസ്തമാകുന്നത്.

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി യാത്രചെയ്യാമെന്നതാണ് ഈ സര്‍വ്വീസുകളുടെ പ്രത്യേകത. പൂര്‍ണമായും ശീതീകരിച്ച ഇ- ബസ് വാട്ടര്‍ മെട്രോ, മെട്രോ റെയില്‍, റെയില്‍വേ സ്റ്റേഷന്‍, പ്രധാന ഷോപ്പിംഗ് സെന്ററുകള്‍, ആശുപത്രികള്‍ എന്നിവയെ കണക്ട് ചെയ്യുന്നു. വെറും 20 രൂപയ്ക്ക് ഈ റൂട്ടില്‍ എവിടേക്കും യാത്ര ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്. 25 നും 47 നും ഇടയില്‍ പ്രായമുള്ള വര്‍ക്കിംഗ് പ്രൊഫഷണലുകളാണ് യാത്രക്കാരിലെ ഏറ്റവും വലിയ വിഭാഗം. തൊട്ടടുത്ത് വിദ്യാര്‍ത്ഥികളാണ്.

ബിസിനസുകാര്‍, വീട്ടമ്മമാര്‍, മുതിര്‍ന്നപൗരന്മാര്‍ തുടങ്ങിയവരാണ് യഥാക്രമം തൊട്ടടുത്ത വിഭാഗങ്ങളിലുള്ളത്. സ്ത്രീ യാത്രക്കാരില്‍ ഭൂരിഭാഗവും വര്‍ക്കിംഗ് പ്രൊഫഷണലുകളാണ്. യാത്രക്കാരില്‍ 45.1 ശതമാനവും സ്ഥിരം യാത്രക്കാരാണ് എന്നത് സര്‍ക്കുലര്‍ ബസ് സര്‍വ്വീസിന്റെ ജനീകയത വിളിച്ചോതുന്നു. 12.6 ശതമാനം ആളുകള്‍ ആഴ്ചയിലൊരിക്കലെങ്കിലും ഫീഡര്‍ ബസില്‍ യാത്ര ചെയ്യുന്നവരാണ്. 17.5 ശതമാനം യാത്രക്കാര്‍ വല്ലപ്പോഴും ഇതില്‍ യാത്രചെയ്യുന്നവരാണ്. സര്‍വ്വേ നടത്തുന്ന സമയം ആദ്യമായി യാത്രചെയ്യുന്ന 15. 4 ശതമാനം ആളുകളെ കണ്ടെത്തി.

ഇന്ത്യന്‍ നഗരങ്ങളില്‍ സുരക്ഷ ഉള്‍പ്പെടെയുള്ള പലവിധ കാരണങ്ങളാല്‍ സ്ത്രീകള്‍ യാത്രയ്ക്ക് ബസിനെ ആശ്രയിക്കുന്നത് കുറവാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആ സാഹചര്യത്തില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസിന് സ്ത്രീകളുടെ ഇടയില്‍ നിന്ന് ലഭിക്കുന്ന വലിയ വരവേല്‍പ്പ് വളരെ ശ്രദ്ധേയമാണ്. യാത്രക്കാരില്‍ കൂടുതലും വര്‍ക്കിംഗ് പ്രൊഫഷണലുകളാണ് എന്നതിനാല്‍ അവരുടെ സ്വകാര്യ വാഹന ഉപയോഗവും കുറയുന്നു.

നഗരത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയാനും ഇത് കാരണമാകുന്നു. മറ്റ് ഇന്ത്യന്‍ നഗരങ്ങളിലെ ബസ് സര്‍വ്വീസുകളില്‍ സ്ഥിരം യാത്രക്കാരുടെ എണ്ണവും വളരെ കുറവാണ്. ഇവിടെയാകട്ടെ പകുതിയിലേറെയും സ്ഥിരം യാത്രക്കാരണ്. ജോലിക്ക് പോകുന്നവര്‍ക്ക് ധൈര്യമായി ആശ്രയിക്കാവുന്ന യാത്രാ മാര്‍ഗമായി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് സര്‍വ്വീസ് മാറിയെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സമയ ക്ലിപ്ത പാലിച്ചുള്ള സര്‍വ്വീസാണ് ഇതിന് സഹായിക്കുന്നത്.

ആലുവ-എയര്‍ പോര്‍ട്ട്, കളമശേരി -മെഡിക്കല്‍ കോളെജ്, കാക്കനാട് - ഇന്‍ഫോപാര്‍ക്ക്്, ഹൈക്കോര്‍ട്ട്- എംജി റോഡ് റൂട്ടുകളിലായി ഇപ്പോള്‍ പ്രതിദിനം ശരാശരി 4600 ലേറെ ആളുകളാണ് യാത്ര ചെയ്യുന്നത്. മാര്‍ച്ചില്‍ ആരംഭിച്ച എം.ജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ ഇപ്പോള്‍ പ്രതിദിനം ശരാശരി 818 പേര്‍ യാത്ര ചെയ്യുന്നു. സര്‍വ്വീസ് തുടങ്ങി ഇതേവരെ 1,34,317 പേര്‍ യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞയിടെ എറണാകുളം സൗത്ത് വരെയുള്ള സര്‍ക്കുലര്‍ സര്‍വ്വീസ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് വഴി നേവല്‍ ബേസിലേക്ക് ദീര്‍ഘിപ്പിച്ചിരുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ