
കൊച്ചി: അന്തർദേശീയ ലഹരി മരുന്ന് ശൃംഖലയിലെ മുഖ്യ പ്രതികൾ പിടിയിൽ. പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിർ (39) ഒറ്റപ്പാലം തൃക്കടീരി വലിയ പറമ്പിൽ ഹരികൃഷ്ണൻ (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പിൽ പ്രെസ്ജിത്ത്(40), ഒറ്റപ്പാലം പനമണ്ണ തെക്കേതിൽ ശ്രീജേഷ്(41), ഒറ്റപ്പാലം ചളവറ പരിയാം തൊടി സഞ്ജയ് പി (22) എന്നിവരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
പ്രധാന പ്രതിയായ അബു താഹിറിനെ ബംഗളൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ലഹരി മരുന്ന് ശൃംഖലയിലെ മുഖ്യ പ്രതികളാണിവർ. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ലഹരി മരുന്ന് വിതരണ ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
തായ്ലൻഡിലെ വിവിധ എയർപോർട്ടുകൾ വഴി കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന അന്താരാഷ്ട്ര മയക്ക് മരുന്ന് ശ്ര്യംഖലയിലെ ഉന്നതരാണിവർ എന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകൾ, ബാങ്ക് ഇടപാടുകളുടെ രേഖകൾ, വിദേശ യാത്രാ രേഖകൾ , ഡിജിറ്റൽ തെളിവുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അബു താഹിറും ഹരികൃഷ്ണനും തായ്ലൻഡിലേക്ക് വിസയും ടിക്കറ്റും പ്രതിഫലവും നൽകി ഏജന്റുകളെ അയയ്ക്കും. അവർ തിരികെ എത്തുമ്പോൾ ഹൈബ്രിഡ് കഞ്ചാവുമായി വരും. ഇത് എയർപോർട്ടിന് പുറത്ത് വച്ച് സംഘം വാങ്ങും. തുടർന്ന് വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് ബുധനാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 1.166 കിലോഗ്രാം ഹൈബ്രീഡ് കഞ്ചാവുമായി ആയുഷിനെ ആദ്യം പിടികൂടുകയായിരുന്നു. തുടർന്ന് കുന്നുവഴിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി.
ഇവിടെ വച്ചാണ് ഭാര്യയെ അറസ്റ്റ് ചെയ്തത്. ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് റൂറലിൽ നടന്നത്. അതിമാരകമായ ലഹരിമരുന്നാണ് ഇവിടെ പിടികൂടിയത്. എറണാകുളം റേഞ്ച് 'ഡിഐജി ജിഎച്ച് യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ് ,വിഷ്ണു മുരളി, ആദർശ്, അബ്ദുൾ ജലീൽ, ഇബ്രാഹിംകുട്ടി സിഎ, എഎസ്ഐമാരായ, സുബൈർ എംബി, മനോജ് എൻപി, ബാബു കുര്യാക്കോസ് സീനിയർ സി പി ഒമാരായ ഷിജോ പോൾ, മുഹമ്മദ് ഷാൻ, സിപിഒ മാരായ നജ്മി, ഫാസിൽ ബഷീർ എന്നിവരാണുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam