
കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കടകള്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ട് കൊച്ചി കോര്‍പ്പറേഷൻ. അഞ്ച് ഹോട്ടലുകളാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. വെളളമൊഴുക്ക് തടസ്സപ്പെടുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ചാണ് നടപടി. എം ജി റോഡിലെ ഹോട്ടലുകൾക്കാണ് അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയത്.
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഹൈക്കോടതി കര്‍ശന നിർദ്ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. ഒരാഴ്ചക്കുള്ളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓടകളും കനാൽ ശുചീകരണവും ദ്രുതഗതിയിൽ നടപ്പാക്കണം, കനാലുകളിലെ മാലിന്യനിക്ഷേപം കുറക്കാൻ ഇടപെടൽ നടത്തണം, ഇത്തരം നടപടി ഉണ്ടായാൽ കർശന നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 11 ന് റിപ്പോർട്ട് നൽകാനും കൊച്ചി കോർപ്പറേഷന് നിർദേശം നൽകി.
കാലവർഷം പിന്നിട്ട് തുലാവർഷം എത്തിയിട്ടും കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരമാക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഒരു മണിക്കൂർ തുടർച്ചായി മഴ പെയ്താൽ നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസവും കൊച്ചിയില്‍ ഉണ്ടായത്. പാതിവഴിയിൽ നിലച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂ പുനരുജീവിപ്പിക്കാത്തതാണ് വെള്ളക്കെട്ട് ഒഴിയാത്തതിന് പിന്നിൽ.
Also Read : കനത്ത മഴയിൽ കൊച്ചി എംജി റോഡിൽ വെള്ളക്കെട്ട്; കോർപ്പറേഷനെ പഴിച്ച് കോൺഗ്രസ്
കഴിഞ്ഞ തവണ വെള്ളം ഇറങ്ങിയതിന് പിന്നാലെ കോർപ്പറേഷൻ നഗരത്തിലെ ഓടകളുടെ സ്ലാബ് തുറന്ന് പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയിരുന്നു. പലയിടത്തും ഹോട്ടൽ മാലിന്യം അടക്കം അടിഞ്ഞ് ഓടകളിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുകി പോകാത്ത സ്ഥിതിയായിരുന്നു. പിന്നാലെ എല്ലാം ശരിയാക്കുമെന്ന് അവകാശപ്പെട്ടെങ്കിലും ഓടകളിലേക്ക് വെള്ളം ഇറങ്ങുന്ന റോഡുകളിലെ ദ്വാരങ്ങൾ പോലും ഇപ്പോഴും വൃത്തിയാക്കിയിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam