
കൊച്ചി: രണ്ട് മണിക്കൂറോളം ശക്തമായ മഴ പെയ്‌തതോടെ കൊച്ചിയിൽ വീണ്ടും വെള്ളക്കെട്ട്. കഴിഞ്ഞ ദിവസം കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ട മേനക ജങ്ഷനിൽ വീണ്ടും വെള്ളം കയറി. കടകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.
കൗണ്ടിംഗ് സ്റ്റേഷനായ മഹാരാജാസ് കോളേജിന് മുന്നിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഫയർഫോഴ്സ് എത്തി വെള്ളം പമ്പ് ചെയ്തു നീക്കി. മേനക ജങ്ഷനിൽ ഓപ്പറേഷൻ ബ്രേക് ത്രൂവിന്റെ ഭാഗമായുള്ള പ്രവർത്തനം നടന്നിരുന്നില്ല. നഗരത്തിന്റെ മറ്റിടങ്ങളിലാണ് ഓപ്പറേഷൻ ബ്രേക് ത്രൂവിലൂടെ വെള്ളക്കെട്ട് പരിഹരിച്ചത്. എന്നാൽ ഇന്ന് വൈകിട്ട് ആരംഭിച്ച കനത്ത മഴയിൽ നഗരം വെള്ളത്തിനടിയിലാവുകയായിരുന്നു.
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാ കളക്ടറെ കൺവീനറാക്കി ദൗത്യ സംഘം രൂപീകരിക്കാൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ പ്രളയത്തിൽ നിന്നടക്കം ഒരു പാഠവും പഠിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നത്തിൽ കോർപ്പറേഷന്‍റെ പിടിപ്പുകേടിനെതിരെ കോടതി രൂക്ഷ വിമർശനം നടത്തിയത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടർ രംഗത്തിറങ്ങിയില്ലെങ്കിൽ കൊച്ചിയുടെ സ്ഥിതി എന്താകുമെന്ന് കോർപ്പറേഷൻ ആലോചിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നഗരസഭയ്ക്കെതിരെ ഇന്ന് വിമർശനം നടത്തിയത്. വേലിയേറ്റമാണ് വെള്ളക്കെട്ടിന് കാരണമെന്ന് കോർപ്പറേഷൻ വാദത്തെയും സിംഗിൾ ബഞ്ച് തള്ളി.
വേലിയേറ്റവും വെള്ളക്കെട്ടിന് കാരണമായെന്ന് കൊച്ചി കോർപ്പറേഷന് വേണ്ടി ഹാജരായ അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. അതിന് കോർപ്പറേഷൻ തെളിവ് കാണിക്കൂ എന്നായിരുന്നു കോടതിയുടെ മറുപടി. വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ ദുരന്ത നിവാരണ അധികാരങ്ങൾ നഗരസഭ ഉപയോഗിക്കണമെന്നും വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പരിഹാരം കാണണമെന്നും പറഞ്ഞ കോടതി അന്നത്തെ ദിവസം ഇത്തരം നടപടികളൊന്നും നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
ഓടകളിലെ ചെളിനീക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ നടപ്പാക്കിയപ്പോൾ നാല് മണിക്കൂർ കൊണ്ട് പ്രശനം പരിഹരിച്ചത് നിങ്ങൾ കണ്ടോ എന്നും കോടതി നഗരസഭയോട് ചോദിച്ചു. ഇതിന് മുന്നിട്ടിറങ്ങിയ കളക്ടർ, പോലീസ്, ഫയർഫോഴ്സ് അചടക്കമുള്ള ഉദ്യോഗസ്ഥരെയും അഭിനന്ദിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam