
തൃശ്ശൂർ: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ കൊടകരയിൽ പിടിയിലായി. അൻപതിലേറെ ലഹരി മരുന്ന് കേസുകളിൽ പ്രതിയായ മാള പൂപ്പത്തി സ്വദേശി നെടുംപറമ്പിൽ വീട്ടിൽ ഷാജി എന്ന പൂപ്പത്തി ഷാജി (66) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 23 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കഞ്ചാവ് കടത്തിയതിന് ഏഴര വർഷം കഠിന തടവിനും 75000 രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ട ഇയാൾ അപ്പീൽ ഹർജി സമർപ്പിച്ച് ജാമ്യത്തിൽ കഴിയുമ്പോഴാണ് വീണ്ടും പിടിയിലായത്.
കൊടകരയിൽ ദേശീയപാതയോട് ചേർന്ന ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായി കണ്ടപ്പോഴാണ് ഇയാളെ പരിശോധിച്ചത്. കൊടകരയിൽ ബസിൽ വന്നിറങ്ങിയ ഷാജി ഓട്ടോറിക്ഷ കാത്ത് നിൽക്കുകയായിരുന്നു. ഇയാളുടെ കൈയ്യിൽ ഒരു ഷോൾഡർ ബാഗും വലിയ ബാഗും ഉണ്ടായിരുന്നു. പൊലീസിനെ കണ്ടപ്പോൾ ബാഗ് ഒളിപ്പിക്കാൻ പ്രതി ശ്രമിച്ചു. ഇതോടെ പൊലീസ് ബാഗുകൾ തുറന്ന് പരിശോധിക്കുകയായിരുന്നു. 2020 നവംബർ മാസത്തിലാണ് ഇതിന് മുൻപ് ഷാജി പിടിയിലായത്. അന്ന് ഒഡീഷ സ്വദേശിക്കൊപ്പം 22 കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താനാണ് ഷാജി ശ്രമിച്ചത്. ഈ കേസിൽ ഇയാളെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. കുറച്ച് നാൾ ജയിലിൽ കഴിഞ്ഞ ശേഷം അപ്പീൽ ഹർജി സമർപ്പിച്ച് ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി കുറ്റകൃത്യം തുടരുകയായിരുന്നു എന്നാണ് മനസിലാകുന്നത്.