
കൊല്ലം: തീരദേശഹൈവേയ്ക്കായി സ്ഥലം വിട്ടുനൽകുന്നവര്‍ക്കുള്ള നഷ്ടപരിഹാരപേക്കേജിനും അലൈൻമെന്‍റിനുമെതിരെ കൊല്ലം ജില്ലയിൽ വ്യാപക പ്രതിഷേധം. നഷ്ടപരിഹാരത്തുകയെക്കുറിച്ച് വ്യക്തതയില്ലാതെ സ്ഥലം വിട്ടുനൽകില്ലെന്ന നിലപാടിലാണ് തീരവാസികൾ. എതിര്‍പ്പ് ശക്തമായതോടെ ജില്ലയിൽ സര്‍വ്വേ നടപടികൾ പ്രതിസന്ധിയിലായി.
നഷ്ടപരിഹാരത്തുക എത്രയെന്ന് അറിയിക്കാതെ അലൈൻമെന്‍റിനെക്കുറിച്ച് സൂചന പോലും നൽകാതെ സര്‍വ്വേ വീണ്ടും തുടങ്ങിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. വീട്ടുമുറ്റത്ത് വരെ കല്ലുകളിട്ട് സ്ഥലം തിട്ടപ്പെടുത്തിയുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചു. ഒറ്റത്തവണ നഷ്ടപരിഹാരമായി 13 ലക്ഷം രൂപ അല്ലെങ്കിൽ 600 ചതുരശ്ര അടി ഫ്ലാറ്റ് എന്നതാണ് പാക്കേജ്. ഇതിൽ അസംതൃപ്തരാണ് തീരവാസികൾ.
പ്രതിഷേധം കനത്തതോടെ ഇരവിപുരത്ത് നിന്ന് പുനരാരംഭിച്ച കല്ലിടൽ വീണ്ടും നിലച്ചു. ദേശീയപാതാ വികസന മോഡൽ നഷ്ടപരിഹാരമാണ് തീരവാസികളുടെ ആവശ്യം. പദ്ധതി ആരാധനാലയങ്ങളെ ബാധിക്കുന്നതിനാൽ മുണ്ടയ്ക്കൽ പാപനാശം മുതൽ പോര്‍ട്ട് വരെയുള്ള പാതയുടെ അലൈൻമെന്‍റിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമുണ്ട്. ജനങ്ങളുമായി ചര്‍ച്ച നടത്താതെയാണ് ജില്ലയിൽ 57 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതെന്നും പരാതിയുണ്ട്. ദേശീയപാത 66ലെ 9 കിലോമീറ്റര്‍ സഹിതം കൊല്ലം ജില്ലയിൽ 51 കിലോമീറ്ററാണ് നിര്‍ദ്ദിഷ്ട തീരദേശപാതയുടെ നീളം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam