
പത്തനംതിട്ട: അഞ്ചുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പഅനീഷ് കുമാർ (44) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. അങ്ങാടിക്കൽ ചന്ദനപ്പള്ളി രാജമ്മാ നിവാസ് വീട്ടിൽ നിന്നും കോന്നി പ്രമാടം വെള്ളപ്പാറ വട്ടപ്പാറചരിവുകാലായിൽ വാടകയ്ക്ക് താമസിക്കുന്നയാളാണ് അനീഷ്.
മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ കഥ പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയ ശേഷം ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. ഈ വർഷം ജനുവരി 22, മാർച്ച് 11, മെയ് 2 എന്നീ തീയതികളിലാണ് കുട്ടിക്ക് പീഡനം നേരിട്ടത്. ലൈംഗികാതിക്രമം സംബന്ധിച്ച് ജൂലൈ 17-ന് ജില്ലാ ശിശു സംരക്ഷണ സമിതിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കോന്നി പൊലീസാണ് നടപടികൾ സ്വീകരിച്ചത്.
സിപിഒ നീന തെരേസ ജൂലിയർ കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പൊലീസ് ഇൻസ്പെക്ടർ സി.എൽ. സുധീറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. പത്തനംതിട്ട ജെ.എഫ്.എം.സി. രണ്ട് കോടതിയിലും കുട്ടിയുടെ മൊഴിയെടുത്തു. പ്രതിക്കെതിരെ ബാലനീതി നിയമപ്രകാരവും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ അനുസരിച്ചും കേസ് രജിസ്റ്റർ ചെയ്തു. ടിപ്പർ ലോറി ഡ്രൈവറാണ് അനീഷ്.
അനീഷ് കുമാർ കോന്നി പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ 2023-ൽ തന്നെ ഉൾപ്പെട്ടയാളാണ്. ഇയാൾക്കെതിരെ കോന്നി സ്റ്റേഷനിൽ മറ്റ് ക്രിമിനൽ കേസുകളും നിലവിലുണ്ട്. 2023 ഏപ്രിൽ 26-ന് ഒരു യുവതിയെ വീട്ടിൽ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി ഇടവഴിയിലൂടെയും മറ്റും ഓടിച്ച് ഗ്രൗണ്ടിലെത്തിച്ച് രണ്ടുപേര്‍ ചേർന്ന് ബലാത്സംഗം ചെയ്ത കേസിൽ രണ്ടാം പ്രതിയാണ്. ഈ കേസ് നിലവിൽ പത്തനംതിട്ട സെഷൻസ് കോടതിയിൽ വിചാരണയിലാണ്.
2013 ഡിസംബർ 4-ന് പ്രമാടം വെട്ടൂർ പുളിമുക്ക് തറച്ചിശ്ശേരിൽ വീടിന്റെ മുൻവശം കോന്നി കുമ്പഴ പബ്ലിക് റോഡിന്റെ തെക്കുവശം പഞ്ചായത്ത് റോഡ് സൈഡിൽ വെച്ചിരുന്ന മോട്ടോർ സൈക്കിൾ തീവെച്ച് നശിപ്പിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. 20,000 രൂപയുടെ നഷ്ടമാണ് ഉടമയ്ക്ക് സംഭവിച്ചത്. ഈ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 2018 ഏപ്രിൽ 25-ന് പ്രമാടം തെങ്ങുംകാവ് വാലുപറമ്പിൽ വീടിനുള്ളിൽ ചാർജ് ചെയ്യാനായി വെച്ചിരുന്ന 8000 രൂപ വിലവരുന്ന മൊബൈൽ ഫോണും ചാർജറും ജനലിനുള്ളിലൂടെ കൈയ്യിട്ട് മോഷ്ടിച്ചതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
2018 നവംബർ 11-ന് പ്രമാടം തെങ്ങുംകാവ് സ്വദേശിയായ യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിക്കുകയും ഇടത് ചെവിക്ക് അടിച്ച് മുറിവേൽപ്പിക്കുകയും പറമ്പിലേക്ക് എടുത്തെറിയുകയും ചെയ്ത സംഭനത്തിലും ഇയാൾ പ്രതിയാണ്. യുവതിയുടെ രണ്ട് പല്ലുകൾ ഇളകിപ്പോയിരുന്നു. ഓട്ടോറിക്ഷയിൽ കയറാൻ വിളിച്ചിട്ട് യുവതി വരാത്തതിലുള്ള വിരോധം നിമിത്തമായിരുന്നു ഈ അതിക്രമം. ഈ കേസിലും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam